ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ഡല്‍ഹിയില്‍ രണ്ട് ദിവസമായി നടന്നു കൊണ്ടിരിക്കുന്ന സി പി എം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച കരട് അവലോകന റിപ്പോര്‍ട്ടിന്‍ മേലുളള ചര്‍ച്ച ഇന്നും തുടരും.
അതേസമയം, തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പരാജയപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറിയെ തേജോവധം ചെയ്യാന്‍ ശ്രമിച്ച മുഖ്യമന്ത്രി വി എസ് അച്യുതാന്ദനെ തത്സ്ഥാനത്തു നിന്ന് മാറ്റണമെന്ന നിലപാട് കേരള ഘടകത്തിലെ ഔദ്യോഗിക പക്ഷം ഇന്ന് ഉയര്‍ത്തിയേക്കും. വൈക്കം വിശ്വന്‍, എ വിജയരാഘവന്‍, എം എ ബേബി എന്നിവര്‍ ഇന്നു മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തു വരുമെന്നാണ് സൂചന.
എന്നാല്‍, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഇന്നു രാവിലെ നാട്ടിലേയ്ക്ക് മടങ്ങി. ഇന്നലെ കേന്ദ്രകമ്മിറ്റിയില്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
പാര്‍ട്ടിക്കെതിരായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് തോമസ് ഐസക് വിമര്‍ശിച്ചു. പാര്‍ട്ടി എടുക്കുന്ന എല്ലാ തീരുമാനങ്ങളും സംസ്ഥാനത്തെ മറ്റ് മന്ത്രിമാര്‍ പാലിക്കുമ്പോള്‍ മുഖ്യമന്ത്രി അതിന് എതിരായാണ് പ്രവര്‍ത്തിക്കുന്നത്. വി എസിന്‍റെ എല്ലാ വാര്‍ത്താസമ്മേളനങ്ങളും പാര്‍ട്ടിക്കെതിരെയായി മാറുകയാണ്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലി തെരഞ്ഞെടുപ്പില്‍ പര്‍ട്ടിയെ ദോഷകരമായി ബാധിച്ചു. മാധ്യമങ്ങളെ കൂട്ടു പിടിച്ച് പാര്‍ട്ടിക്കെതിരെയുള്ള നീക്കങ്ങളാണ് വി എസ് നടത്തുന്നതെന്നും തോമസ് ഐസക് ആരോപിച്ചിരുന്നു.
അതേസമയം, ചില നേതാക്കളുടെ ജീവിത ശൈലി കമ്യൂണിസ്റ്റ് രീതിയില്‍ നിന്ന് വ്യതിചലിച്ചുവെന്നും, വി എസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകേണ്ടിയിരുന്നുവെന്നും സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. |