സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ വൈദ്യുത ബോര്‍ഡ് നല്‍കിയ 104 ഏക്കര്‍ ഭൂമി ഉടന്‍ തിരിച്ച് നല്‍കാന്‍ ടീകോം തയ്യാറാകണമെന്ന് വൈദ്യതി മന്ത്രി എ കെ ബാലന്‍. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് ടീകോമിനെതിരെ മന്ത്രി പ്രതികരിച്ചത്.
പദ്ധതി നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ ടീകോം സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുന്ന സാഹചര്യത്തിലാണ് കെ എസ് ഇ ബിയുടെ ഭൂമിയുടെ കാര്യം ആവശ്യപ്പെടുന്നത്. സ്‌മാര്‍ട്ട് സിറ്റി പദ്ധതി റിയല്‍ എസ്റ്റേറ്റ് പദ്ധതിയാക്കാന്‍ അനുവദിക്കില്ല. പദ്ധതി നടപ്പാക്കുന്നതില്‍ വൈദ്യുതി ബോര്‍ഡ് ഇടങ്കോലിടുന്നു എന്ന് ആരോപണം ഉയരാതിരിക്കാന്‍ വേണ്ടിയാണ് ഇത്രയും നാള്‍ ഇക്കാര്യം ആവശ്യപ്പെടാതിരുന്നത്. പദ്ധതി നടപ്പാക്കാന്‍ ടീകോമിന് ഉദ്ദേശ്യമില്ലെങ്കില്‍ കെഎസ്‌ഇബി നല്‍കിയ 104 ഏക്കര്‍ ഭൂമി തിരികെ നല്‍കണം. ഈ ഭൂമി ബ്രഹ്മപുരം പദ്ധതിയുടെ വികസനത്തിനായി ഉപയോഗിക്കും - ബാലന്‍ വ്യക്തമാക്കി.
സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി സര്‍ക്കാര്‍ 204 ഏക്കര്‍ ഭൂമിയാണ് അനുവദിച്ചത്. ഇതില്‍ 104 ഏക്കര്‍ ഭൂമി കെഎസ്‌ഇബിയുടേതാണ്.
എന്നാല്‍, കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് താല്‍ക്കാലികമായി വിട്ടു കൊടുത്തിരുന്നെങ്കില്‍ സ്മാര്‍ട്ട് സിറ്റി നടപ്പാക്കാന്‍ കഴിയുമായിരുന്നു എന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. |