പൊതുമരാമത്ത് വകുപ്പില്‍ വിഷന്‍ 2010 പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 1000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ 300 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി ഒന്നിനാരംഭിച്ച വിഷന്‍ 2010 പദ്ധതി പ്രകാരം സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലങ്ങളിലും രണ്ടു കോടി രൂപയുടെ വീതം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. ആരംഭിക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. അതത് എം എല്‍ എമാര്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികളാണ് പദ്ധതി പ്രകാരം നടപ്പാക്കുന്നത്. 2009 ജനുവരി വരെ പൊതുമരാമത്ത് റോഡുകള്‍, കെട്ടിടവിഭാഗങ്ങളിലായി കരാറുകാരുടെ കുടിശ്ശികയിനത്തില്‍ 3265.16 കോടി രൂപ കൊടുത്തുതീര്‍ത്തു. സംസ്ഥാനസര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ശിവഗിരി, മലയാറ്റൂര്‍ തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും ടൂറിസം വികസനവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിലേക്കുമുള്ള റോഡുകളുടെയും പാലങ്ങളുടെയും പൂര്‍ത്തീകരണത്തിനു സത്വര നടപടി സ്വീകരിച്ചു.
ശബരിമല റോഡുകളുടെ അറ്റകുറ്റപണികള്‍ക്കുള്ള ദീര്‍ഘകാല കരാറുകള്‍ക്ക് നടപടി സ്വീകരിച്ചു. തീരദേശഹൈവേ, മലയോര ഹൈവേ, പുതിയ ബൈപ്പാസുകള്‍ എന്നിവയുടെ പ്രാഥമിക നടപടികള്‍ക്കായി 145 കോടി രൂപയുടെ പദ്ധതികള്‍ക്ക് രൂപം നല്‍കി. നിര്‍മ്മാണത്തിലിരിക്കുന്ന റെയില്‍വേ മേല്‍പ്പാലങ്ങള്‍ പൂര്‍ത്തീകരിക്കാനും പുതിയ മേല്‍പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനുമായി 200 കോടി രൂപയുടെ പദ്ധതികള്‍ക്ക് രൂപം നല്‍കികഴിഞ്ഞു. ഇതു കൂടാതെ, 1500 കോടി രൂപയുടെ മലബാര്‍ പാക്കേജ് സര്‍ക്കാര്‍ നടപ്പിലാക്കും. ഇതില്‍ 274 കോടി രൂപയുടെ 98 പാലങ്ങള്‍, 151 കോടി രൂപയുടെ 108 കെട്ടിടങ്ങള്‍, 344 കോടി രൂപയുടെ 205 റോഡുകള്‍ എന്നിവ ഉള്‍പ്പെടും. |