സംസ്ഥാനത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് രണ്ടുരൂപയ്ക്ക് അരിയോടൊപ്പം രണ്ട് കിലോ ഗോതമ്പ് കൂടി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനന്‍ അറിയിച്ചു. തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ചെറിയതുറ സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. അതിനായി ഒരു സ്റ്റിംഗ് ജഡ്ജിയെ വിട്ടുതരുന്നതിന് ഹൈക്കോടതിയോട് അഭ്യര്‍ത്ഥിക്കും. സംഭവത്തിന് ഉത്തരവാദികളായ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ആഭ്യന്തര വകുപ്പിന് നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ ആര്‍ക്കെതിരെയൊക്കെയാകും നടപടിയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചില്ല. രണ്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍മാര്‍ ഒരു സിഐ, ഒരു എഎസ്‌ഐ എന്നിവര്‍ക്കെതിരെയാണ് നടപടിയെന്നാണ് സൂചന.
വെടിവയ്പ്പില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ ധന സഹായം നല്‍കും. പരിക്കേറ്റ് ആശുപത്രിയിക്കഴിയുന്നവര്‍ക്ക് 10000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ സഹായം അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റവര്‍ക്ക് സൌജന്യ ചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മരിച്ചവരിടെ ആശ്രിതര്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സംഭവത്തില്‍ വീട്, വള്ളം, വല, മറ്റ് തൊഴിലുപകരണങ്ങള്‍ എന്നിവ നഷ്ടപ്പെട്ടതിനെക്കുറിച്ച് പഠിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി. കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മതിയായ നഷ്ടപരിഹാരം ഇവര്‍ക്ക് അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പട്ടികജാതി/പട്ടികവര്‍ഗ്ഗ കോര്‍പ്പറേഷന് ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളില്‍ പുതിയ മേഖലാ ഓഫീസുകള്‍ തുടങ്ങും. ഇതിനായി പതിന്നാല് പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. |