ഭാവിരാഷ്‌ട്രീയ നിലപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജനതാദള്‍ നേതൃയോഗം കോഴിക്കോട് തുടങ്ങി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാറിന്‍റെ അധ്യക്ഷതയിലാണ് യോഗം. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കാത്തവര്‍ക്കെതിരെ യോഗത്തില്‍ നടപടിയുണ്ടകുമെന്നാണ് സൂചന.
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള ദളിന്‍റെ ആദ്യനേതൃ യോഗമാണ് ഇന്ന് നടക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകനവും, പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിനെ എതിര്‍ത്തവര്‍ക്കെതിരെയുള്ള അച്ചടക്ക നടപടികളുമാണ് ഇന്നത്തെ യോഗത്തിലെ പ്രധാന അജന്‍ഡ. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്കെതിരെ പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ യു ഡി എഫ് കേന്ദ്രങ്ങളെല്ലാം പരസ്യമായി അംഗീകരിച്ചത് പാര്‍ട്ടിക്ക് ഗുണകരമാണെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
ദള്‍ സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന എം എല്‍ എമാരായ മാത്യു ടി തോമസ്, ജോസ് തെറ്റയില്‍ എന്നിവരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജനതാദളിന്‍റെ ഔദ്യോഗിക നിലപാടുകള്‍ക്ക് വിരുദ്ധമായ നടപടികള്‍ സ്വീകരിച്ച കണ്ണൂര്‍, ഇടുക്കി, കോട്ടയം, എറണകുളം ജില്ലാ പ്രതിനിധികളെയും അഞ്ച് സംസ്ഥാനകമ്മിറ്റി ഭാരവാഹികളെയും യോഗത്തിന് ക്ഷണിച്ചിട്ടില്ല. പാര്‍ട്ടിയിലെ എം എല്‍ എമാരും, സംസ്ഥാനഭാരവാഹികളും മാത്രമാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നത്.
തെരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി ഓഫീസുകള്‍ക്കുനേരെയുണ്ടായ അക്രമവും യോഗം ചര്‍ച്ച ചെയ്യും. പാര്‍ട്ടി ഓഫീസുകള്‍ക്കുനേരെയുണ്ടായ അക്രമത്തില്‍ പോലീസ് നിഷ്ക്രിയരായിരുന്നുവെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. ഇതു കൂടാതെ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനവും ചര്‍ച്ച ചെയ്യപ്പെട്ടേക്കും. |