കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സഹായം മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ പാഴാക്കിക്കളഞ്ഞതായി എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പറഞ്ഞു. കായംകുളത്ത് തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുനാമി ദുരിതബാധിതര്‍ക്കായി 1600 കോടി രൂപയാണ് കേന്ദ്രം നല്‍കിയത്. ഇതില്‍ 400 കോടി രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചില്ല.
പ്രതിപക്ഷം ഒരു പാട് വാഗ്ദാനങ്ങള്‍ നിരത്തുമ്പോള്‍ പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന ഒറ്റ വാഗ്ദാനം മാത്രമാണ് യുപിഎ സര്‍ക്കാര്‍ നടത്തിയതെന്നും അത് വിജയകരമായി നടപ്പാക്കിയതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കി. കര്‍ഷകരുടെ ക്ഷേമത്തിനായി 72000 കോടി രൂപ നീക്കിവച്ചു. വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തി. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം എന്ന പദ്ധതി വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞു.
സാമ്പത്തിക രംഗത്തെ അത്ഭുതകരമായ പുരോഗതിക്കാണ് കഴിഞ്ഞ അഞ്ച് വര്‍ഷം ഇന്ത്യ സാക്‍ഷ്യം വഹിച്ചത്. സാധാരണക്കാരെക്കൂടി മുന്നില്‍ കണ്ടുള്ള സാമ്പത്തിക നയങ്ങളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. യുവാക്കള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും കോണ്‍ഗ്രസിന്‍റെ തലപ്പത്തേക്ക് കൂടുതല്‍ യുവമുഖങ്ങള്‍ കടന്നുവരാന്‍ തന്നാലാവുന്നതെല്ലാം ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. |