ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട സഖാവ് തന്നെയാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗവും, ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്‍. വീരേന്ദ്രകുമാര്‍ ഇടതുമുന്നണി വിടുമെന്നു കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീരേന്ദ്രകുമാര്‍ പ്രിയപ്പെട്ട സഖാവാണ്. അദ്ദേഹത്തിന്‍റെ തെറ്റിദ്ധാരണ മാറുമെന്നാണ് കരുതുന്നത്. രാഷ്‌ട്രീയപരമായി വീരേന്ദ്രകുമാറിനെ കുറച്ചു കാണാന്‍ കഴിയില്ല. ഇടതുമുന്നണിയുടെ ശക്തനായ വക്‌താവ് ആയിരുന്ന അദ്ദേഹത്തിന് യു ഡി എഫ് അനുകൂല നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. തന്‍റെ രാഷ്ട്രീയ ബോധം മുന്‍നിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ അദ്ദേഹം തന്നെ ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടിയേരി പറഞ്ഞു.
വീരേന്ദ്രകുമാറിനും, സംസ്ഥാന ജനതാദളിനും എതിരെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ആഭ്യന്തരമന്ത്രിയുടെ ഈ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്. |