ആര്‍ എസ് പി ദേശീയ - സംസ്ഥാന നേതൃത്വങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നു. കൊല്ലം സീറ്റ് ലഭിച്ചില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചതില്‍ തനിക്ക് പാളിച്ചകളൊന്നും പറ്റിയില്ലെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിള്ള പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് പാളിച്ച പറ്റിയതായി ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഢന്‍ അഭിപ്രായപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് അതിനെ ഖണ്ഡിച്ച് രാമകൃഷ്ണപിള്ള രംഗത്തെത്തിയിരിക്കുന്നത്.
മന്ത്രിയെ പിന്‍വലിക്കുമെന്ന് പറഞ്ഞതില്‍ തനിക്ക് അമളി പിണഞ്ഞിട്ടില്ല. അത് പാര്‍ട്ടിയുടെ തീരുമാനമായിരുന്നു. ആ തീരുമാനം പ്രഖ്യാപിക്കുക മാത്രമാണ് താന്‍ ചെയ്തത് - രാമകൃഷ്ണപിള്ള പറഞ്ഞു. എന്നാല്‍ ‘പാളിച്ച പറ്റി’യെന്ന് ചന്ദ്രചൂഢന്‍ പറഞ്ഞല്ലോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് പറയാന്‍ കഴിയുമെന്നാണ് രാമകൃഷ്ണപിള്ള പ്രതികരിച്ചത്.
ഇന്ന് രാവിലെ തിരുവനന്തപുരം കേസരി സ്മാരകഹാളില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് സംസ്ഥാന നേതൃത്വത്തിന് അമളി പറ്റിയെന്ന് ചന്ദ്രചൂഢന്‍ പറഞ്ഞത്. കൊല്ലം സീറ്റ് ലഭിച്ചില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിക്കുകയും പിന്നീട് ആ തീരുമാനത്തിന്‍ നിന്ന് പിന്നാക്കം പോകുകയും ചെയ്തത് ഏറ്റവും വലിയ പാളിച്ചയാണ്. അത് ഏറ്റവും വലിയ അമളിയാണ്. മന്ത്രിയെ പിന്‍വലിക്കും എന്ന് പരസ്യമായി പ്രഖ്യാപിക്കേണ്ട കാര്യമില്ലായിരുന്നു. അങ്ങനെ പ്രഖ്യാപിച്ചാല്‍ അതില്‍ ഉറച്ചു നില്‍ക്കണം. അതിന് കഴിഞ്ഞില്ല. ഇങ്ങനെയൊരു പ്രതിസന്ധിഘട്ടത്തില്‍ തക്കസമയത്ത് ഇടപെടാന്‍ കഴിഞ്ഞില്ല എന്നത് എനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ സംഭവമാണ് - ചന്ദ്രചൂഢന്‍ പറഞ്ഞു.
എന്നാല്‍ ആര്‍ എസ് പി സംസ്ഥാനകമ്മിറ്റിയുമായി ദേശീയ കമ്മിറ്റിക്ക് പ്രശ്നമൊന്നുമില്ലെന്നും ചന്ദ്രചൂഢന്‍ കൂട്ടിച്ചേര്‍ത്തു. |