മഠങ്ങളില്‍ യേശുവില്ല: സിസ്റ്റര്‍ ജെസ്മി

കൊച്ചി: | WEBDUNIA| Last Modified ചൊവ്വ, 3 ഫെബ്രുവരി 2009 (09:42 IST)
കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളില്‍ ഇപ്പോള്‍ യേശുവില്ലെന്നും യേശു പടിയിറങ്ങിപ്പോയെന്നും സിസ്റ്റര്‍ ജെസ്മി. സഭയുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ സഭാവസ്ത്രം ഉപേക്ഷിക്കേണ്ടിവന്ന, തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജിലെ മുന്‍ പ്രിന്‍‌സിപ്പല്‍ സിസ്റ്റര്‍ ജെസ്മി തന്റെ ആത്മകഥ പ്രകാശിപ്പിക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുമ്പോഴാണ് ഇങ്ങനെ പറഞ്ഞത്.

‘ആമേന്‍’ എന്നാണ് പുസ്തകത്തിന്റെ പേര്. ‘അങ്ങനെ തന്നെയായിരിക്കട്ടെ’ എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. കൊച്ചിയിലെ മറൈന്‍ഡ്രൈവില്‍ ഡിസി ബുക്സ്‌ നടത്തുന്ന ഇന്റര്‍നാഷണല്‍ ബുക്ക്‌ ഫെസ്റ്റിവലിലായിരുന്നു പ്രകാശനം. പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ ലീലാമേനോന്‌ ആദ്യ പ്രതി നല്‍‌കി കെ എം റോയിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

മഠങ്ങളില്‍ ശരിയായ മൂല്യം തിരിച്ചുവരണമെന്ന് അദമ്യമായ ആഗ്രഹത്താലാണ് ഈ പുസ്തകം എഴുതിയത്. വലിയ വീടിന്റെ ഒരിക്കലും തുറക്കാത്ത ജനാലയുടെ ഒരു പാളി തുറക്കാനുള്ള ശ്രമമാണ്‌ ആമേന്‍. കന്യാസ്ത്രീമഠങ്ങളിലെ നിഗൂഢത പുറത്തുള്ളവരെ അറിയിക്കാനാണ്‌ ശ്രമം. മഠത്തില്‍നിന്ന്‌ ഞാന്‍ ഒളിച്ചോടിയതല്ല, ഒരു വലിയകാര്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിനുവേണ്ടിയാണ്‌ ഡല്‍ഹിയിലേക്ക്‌ പോയത്‌. ആ തയ്യാറെടുപ്പിന്റെ ബാക്കിയാണ്‌ ഈ പുസ്തകം - സിസ്റ്റര്‍ ജെസ്മി പറഞ്ഞു.

ഡിസി ബുക്സാണ് ‘ആമേന്‍’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രച്ഛന്നവേഷത്തില്‍ ഒരൊളിച്ചോട്ടം, വെള്ളത്താമര, അനുഗ്രഹീത ഞെരിഞ്ഞിലുകള്‍, അലറുന്ന അലകളിലൂടെ സുധീരം, സുരക്ഷിതമായ അഭയസ്ഥാനം എന്നിങ്ങന അഞ്ച് അധ്യായങ്ങളിലൂടെയുള്ള ഓര്‍മ്മകളിലൂടെയാണ് പുസ്തകം വികസിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :