തിരുവനന്തപുരം: എണ്ണക്കമ്പനികളുടെ സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രൂക്ഷമായ ഇന്ധനക്ഷാമം പരിഹരിക്കാന്‍ ഇന്ധനവിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി സി ദിവാകരന്‍ അറിയിച്ചു. ഇന്ധനക്ഷാമം പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദിവാകരന്‍ ഇന്ന് രാവിലെ അടിയന്തിരയോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് ഇന്ധനവിതരണം നിയന്ത്രിക്കാനുള്ള തീരുമാനമെടുത്തത്.
ടൂ വീലര്‍ വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും പരമാവധി അഞ്ചു ലിറ്ററും വലിയ വാഹനങ്ങള്‍ക്ക് 10 ലിറ്ററുമായാണ് ഇന്ധനവിതരണം നിജപ്പെടുത്തിയിരിക്കുന്നത്. ആംബുലന്‍സ്, കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ എന്നിവയ്ക്ക് ഈ നിയന്ത്രണം ബാധകമായിരിക്കില്ല.
കെ എസ് ആര്‍ ടി സിക്കും മറ്റ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുമായി സിവില്‍ സപ്ലൈസിന്‍റെയും സപ്ലൈകോയുടേയും പമ്പുകള്‍ റിസര്‍വ് ചെയ്യും. കൊച്ചിന്‍ റിഫൈനറിയിലെ പുതിയ ഇന്ധനശേഖരം അവശ്യസര്‍വീസുകള്‍ക്കും ശബരിമല വാഹനങ്ങള്‍ക്കും ലഭ്യമാക്കും. - മന്ത്രി അറിയിച്ചു.
ശനിയാഴ്ച മുഖ്യമന്ത്രിയുമായി ദിവാകരന്‍ ചര്‍ച്ച നടത്തുന്നുണ്ട്. അതിനു ശേഷം ഇന്ധനക്ഷാമം പരിഹരിക്കുന്നതിനുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.
ഹിന്ദുസ്‌ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ അധികൃതരും ചീഫ് സെക്രട്ടറിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. |