എണ്ണക്കമ്പനി ഓഫീസറന്മാര്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് നടത്തുന്ന സമരം രണ്ട് ദിവസം പിന്നിട്ടപ്പോള്‍ കേരളം രൂക്ഷമായ ഇന്ധന ക്ഷാമത്തെ നേരിടുകയാണ്. സമരക്കാരും പെട്രോളിയം മന്ത്രി മുരളി ഡിയോറയും തമ്മില്‍ കഴിഞ്ഞ ദിവസം ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
സമരത്തിന്‍റെ രണ്ടാം ദിനം ഉച്ചയോടെ കേരളത്തിലെ പകുതിയോളം പമ്പുകളില്‍ ഇന്ധനം സ്റ്റോക്കില്ലാതായിരുന്നു. സമരം തുടരുകയാണെങ്കില്‍ കേരളത്തിലെ എല്ലാ പമ്പുകളും വെള്ളിയാഴ്ചയോടെ അടച്ചിടേണ്ടി വരുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് വ്യക്തമാക്കി.
ഡീസലിനു ക്ഷാമമായത് കേരളത്തില്‍ സ്വകാര്യ ബസ് സര്‍വീസിനെ പ്രതികൂലമായി ബാധിച്ചു. ചരക്ക് ലോറിസമരം സംസ്ഥാനത്ത് ഇല്ല എങ്കിലും ഇന്ധനക്ഷാമം കാരണം ലോറി സര്‍വീസും മുടങ്ങി. ഓട്ടോ ഗ്യാസിനും ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. വിമാന ഇന്ധനം, പാചകവാതകം എന്നിവയുടെ നീക്കത്തെയും സമരം പ്രതികൂലമായി ബാധിച്ചു.
ശബരിമല തീര്‍ത്ഥാടന കാലമായതിനാല്‍ പത്തനംതിട്ട ജില്ലയില്‍ ഇന്ധനക്ഷാമം രൂക്ഷമാണ്.
സമരം ഒത്തുതീര്‍പ്പിലെത്തിയാലും ഇന്ധനവിതരണം സാധാരണ ഗതിയിലാവാന്‍ ദിവസങ്ങള്‍ എടുത്തേക്കുമെന്നാണ് സൂചന. |