അഭയക്കേസ് അന്വേഷണത്തിന്‍റെ മേല്‍നോട്ടം ജസ്റ്റിസ് ആര്‍ ബസന്തിന്‍റെ നേതൃത്വത്തിലുള്ള കോടതി ബഞ്ച് നിര്‍വഹിക്കും. നിലവിലുള്ള സി ബി ഐ സംഘത്തിന് കേസന്വേഷണം തുടരാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നിലവിലുള്ള സംഘത്തിന് അന്വേഷണം തുടരാമോ എന്ന കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ടുകൊണ്ട് സി ബി ഐ സമര്‍പ്പിച്ച ഉപഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം.
ചീഫ് ജസ്റ്റിസ് മറിച്ചൊരു ഉത്തരവ് നല്‍കുന്നതുവരെ അഭയ കേസില്‍ മേല്‍നോട്ടം ജസ്റ്റിസ് ബസന്ത് നേതൃത്വം നല്‍കുന്ന ബഞ്ചിനായിരിക്കും. അഭയ കേസ് അന്വേഷണത്തിന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കണമെന്നാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ഹേമ നിര്‍ദ്ദേശിച്ചത്. ഇതേതുടര്‍ന്നാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ ഉപഹര്‍ജി നല്‍കിയത്.
നിലവില്‍ സി ബി ഐ ജോയിന്‍റ് ഡയറക്ടറും ഡിഐജിയുമാണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഈ രീതി തുടരാമെന്നാണ് ഇപ്പോള്‍ കോടതി പറഞ്ഞിരിക്കുന്നത്.
നാര്‍കോ അനാലിസിസ് പരിശോധന സംബന്ധിച്ച് രണ്ട് സിംഗിള്‍ ബഞ്ച് വിധികളില്‍ ഉണ്ടായ വൈരുദ്ധ്യം ഹൈക്കോടതി തന്നെ അംഗീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് ബസന്തിന്‍റെ നേതൃത്വത്തിലുള്ള ബഞ്ച് അന്വേഷണത്തിന്‍റെ മേല്‍നോട്ടം വഹിക്കും എന്ന് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
|