അഭയക്കേസിന്‍റെ മേല്‍നോട്ടം ഏത് കോടതിയാണ് നടത്തുക എന്ന കാര്യത്തില്‍ വ്യാഴാഴ്ച തീരുമാനം പറയാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ഹേമയുടെ ഉത്തരവില്‍, കൂടുതല്‍ കാര്യക്ഷമതയും പരിചയവുമുള്ള ഉദ്യോഗസ്ഥന്‍റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം എന്ന ഭാഗത്തെ അവ്യക്തത നീക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്.
നാര്‍ക്കോ അനാലിസിസ് പരിശോധനയുമായി ബന്ധപ്പെട്ട് കോടതി നടത്തിയ പരാമര്‍ശങ്ങളില്‍ ആശയക്കുഴപ്പമുണ്ടെന്ന് ജസ്റ്റിസ് ആര്‍. ബസന്ത് ചൂണ്ടിക്കാട്ടി. പരിശോധനാ സിഡിയില്‍ കൃത്രിമം നടന്നതെവിടെ വച്ചാണ് എന്നതിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെന്ന് കോടതി സമ്മതിച്ചു. അഭയ കേസ് അന്വേഷണം നിര്‍ത്തിവെക്കാന്‍ സി.ബി.ഐയോട് ആരാണ് പറഞ്ഞതെന്ന് ജസ്റ്റിസ് ബസന്ത് ചോദിച്ചു. അങ്ങിനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ആ നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
സി.ബി.ഐക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കാമെന്നും നാര്‍ക്കോ പരിശോധന നടത്തിയതിന്‍റെ സിഡി സംബന്ധിച്ച് ജസ്റ്റിസ് ഹേമയുടെയും ജസ്റ്റിസ് വി. രാംകുമാറിന്‍റെയും ഉത്തരവിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിക്കാനായി ആവശ്യപ്പെടാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിംഗിള്‍ ബഞ്ചിന്‍റെ ഉത്തരവു മറ്റൊരു സിംഗിള്‍ ബഞ്ച് പരിഗണിക്കുന്നത് ഉചിതമല്ലെന്നും ജസ്റ്റിസ് ബസന്ത് പറഞ്ഞു.
എന്നാല്‍, സിബിഐയുടെയും അഭയയുടെ പിതാവിന്‍റെയും അഭിഭാഷകര്‍ ഈ വൈരുദ്ധ്യം ജസ്റ്റിസ് ആര്‍. ബസന്ത് തന്നെ പരിശോധിക്കണമെന്ന് അപേക്ഷിച്ചു.
|