കിളിരൂര്‍ കേസിന്‍റെ ഫയല്‍ മുക്കിയെന്ന കേസില്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി കുറ്റക്കാരിയാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് പൊലീസ്. തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മൂന്നാം മജിസ്ട്രേറ്റ് കോടതിയില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് അറിയിച്ചതാണ് ഇക്കാര്യം.
കിളിരൂര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായിട്ടില്ലെന്നും എല്ലാം ഭദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മുക്കിയെന്ന് മൂന്നാര്‍ ദൌത്യസംഘം മുന്‍തലവന്‍ കെ സുരേഷ്കുമാര്‍ ആരോപിച്ചത് വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമര്‍ശിച്ചതിന് സുരേഷിനെ സസ്പെന്‍റു ചെയ്തിരുന്നു.
പിന്നീട് ഈ ആരോപണത്തിന്‍മേല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രന്‍, പൊളിറ്റിക്കല്‍ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍, രണ്ടു മന്ത്രിപുത്രന്‍മാര്‍ എന്നിവരടക്കം ആറു പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവായിരുന്നു.
ഈ കേസിലാണ് ഇപ്പോള്‍ ശ്രീമതിക്കെതിരെ തെളിവില്ലെന്ന് പൊലീസ് അറിയിച്ചിരിക്കുന്നത്.
|