പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > അഭയ കേസ്: തെളിവുകള്‍ നശിപ്പിക്കപ്പെട്ടു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അഭയ കേസ്: തെളിവുകള്‍ നശിപ്പിക്കപ്പെട്ടു
സിസ്റ്റര്‍ അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ തെളിവ്‌ നശിപ്പിക്കപ്പെട്ടതായി സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. മേദുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് തെളിവ് നശിപ്പിച്ചതെന്ന് ആത്മഹത്യ ചെയ്‌ത മുന്‍ എ.എസ്‌.ഐ വി.വി അഗസ്‌റ്റിന്‍ മൊഴി നല്‍കിയിരുന്നതായും സി.ബി.ഐ അറിയിച്ചു.

അഗസ്റ്റിന്‍ ആത്മഹത്യ ചെയ്യുന്നതിന്‌ തലേദിവസമാണ്‌ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും സി.ബി.ഐ അറിയിച്ചു. കൊലപാതകത്തില്‍ പ്രതികളുടെ പങ്ക്‌ വ്യക്തമാക്കുന്ന മുഴുവന്‍ രേഖകളും കേസ്‌ ഡയറിയും സാക്ഷിമൊഴികളും ഹാജരാക്കണമെന്ന്‌ ഹൈക്കോടതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ്‌ സി.ബി.ഐ ഇക്കാര്യങ്ങള്‍ അറിയിച്ചത്‌.

അഭയയുടെ മൃതദേഹത്തില്‍ ഉണ്ടായിരുന്ന മുറിവുകള്‍ ഇന്‍ക്വസ്റ്റില്‍ രേഖപ്പെടുത്താത്തതും ഉന്നതരുടെ സമ്മര്‍ദ്ദം മൂലമാണെന്നും അഗസ്റ്റിന്‍ പറഞ്ഞതായി സി.ബി.ഐ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാമെന്ന്‌ പറഞ്ഞ്‌പോയ അഗസ്റ്റിന്‍ മരിച്ച വാര്‍ത്തയാണ്‌ പിന്നീട്‌ അറിഞ്ഞതെന്നും സി.ബി.ഐ കോടതിയില്‍ അറിയിച്ചു.

വി.വി അഗസ്‌റ്റിന്‍, ഫോട്ടോഗ്രാഫര്‍ കെ.കെ വര്‍ഗീസ്‌, മോഷ്ടാവ്‌ രാജു, പള്ളി വാച്ചര്‍ ചെല്ലപ്പന്‍, മൂന്നു വൈദികര്‍, കോണ്‍വെന്‍റിന്‍റെ അയല്‍വാസി സഞ്‌ജു.പി മാത്യു എന്നിവരുടെ സാക്ഷിമൊഴികളാണ്‌ സി.ബി.ഐ ഇന്ന്‌ കോടതിയില്‍ ഹാജരാക്കിയത്‌. കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ പ്രതികളായ ഫാ.തോമസ്‌ എം.കോട്ടൂര്‍, ഫാ.ജോസ്‌ പുതൃകയില്‍ എന്നിവര്‍ പയസ്‌ ടെന്ത്‌ കോണ്‍വെന്‍റിലെ നിത്യസന്ദര്‍ശകരാണെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

അഭയ മരിച്ച ദിവസം കോണ്‍വെന്‍റില്‍ മോഷണത്തിനായി ചെന്ന അടയ്ക്ക സാജു പ്രതികളെ കോണ്‍വെന്‍റില്‍ കണ്ടതായും മൊഴി നല്‍കിയിട്ടുണ്ടെന്നും സി.ബി.ഐ കോടതിയില്‍ അറിയിച്ചു. ഈ രണ്ട്‌ വൈദികരും കോണ്‍വെന്‍റിന്‍റെ മതില്‍ ചാടിക്കടന്നാണ്‌ അവിടെ പോയിരുന്നതെന്നാണ്‌ വാച്ചറുടെ മൊഴി. ചോദ്യം ചെയ്‌ത മൂന്നു വൈദികരും ഇക്കാര്യത്തില്‍ മൊഴി നല്‍കിയിട്ടുണ്ട്‌.

കേസില്‍ തെളിവ്‌ നശിപ്പിക്കാനുള്ള ശ്രമം സഭയുടെ ഭാഗത്ത്‌ നിന്ന്‌ നിരന്തരം ഉണ്ടാകുന്നതായും സി.ബി.ഐ കോടതിയില്‍ ആരോപിച്ചു. രാവിലെ മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിയുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ടപ്പോഴാണ്‌ തെളിവുകള്‍ ഹാജരാക്കാന്‍ സി.ബി.ഐയോട്‌ കോടതി ആവശ്യപ്പെട്ടത്‌.

തെളിവുകളോടൊപ്പം നാര്‍ക്കോ അനാലിസിസിന്‍റെ മൂന്ന്‌ സി.ഡികളും സി.ബി.ഐ കോടതിയില്‍ നല്‍കിയിട്ടുണ്ട്. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബസ്‌ചാര്‍ജ്ജ് വര്‍ദ്ധന പുനപരിശോധിക്കണം - ഹൈക്കോടതി
വിഴിഞ്ഞം: റിവിഷന്‍ പെറ്റീഷന്‍ തള്ളി
വാഹനപാകടം: മൂന്ന് മലയാളികള്‍ മരിച്ചു
അഭയ കേസ്: രേഖകള്‍ ഹാജരാക്കണം
സാമ്പത്തികസ്ഥിതി മെച്ചം - ഐസക്
മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു - മാണി