അഭയ കേസില്‍ പീഡിപ്പിക്കുന്നുവെന്ന കന്യാസ്ത്രീകളുടെ ആരോപണം പ്രതികള്‍ നിഷ്ക്കളങ്കരെന്ന് വരുത്തിത്തീര്‍ക്കാനാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു.
അന്വേഷണത്തിന്‍റെ പേരില്‍ കന്യാസ്‌ത്രീകളെ പീഡിപ്പിക്കുന്നുവെന്ന ഹര്‍ജി പരിഗണിക്കവെയാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കോണ്‍വെന്‍റിലെ മദര്‍ സുപ്പീരിയര്‍ ജനറല്‍ ആനി ജോണ്‍ ഉള്‍പ്പെടെ 18 കന്യാസ്‌ത്രീകളും ഒരു അന്തേവാസിയുമാണ് സി.ബി.ഐക്കെതിരെ ഹര്‍ജി നല്‍കിയത്.
ഹര്‍ജിയിലെ ആരോപണങ്ങള്‍ കേസില്‍ സഭയുടെ പ്രതിരോധമാണെന്ന് സി.ബി.ഐ നല്‍കിയ എതിര്‍സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ സത്യവാങ്മൂലത്തിന് മറുപടി നല്‍കാനാണ് കോടതി കേസ് മാറ്റിയത്. ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാനായി കേസിലെ എട്ടാം സാക്ഷിയും കോണ്‍വെന്‍റിലെ സഹായിയുമായ സ്ത്രീ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സി.ബി.ഐ. കോടതിയെ അറിയിച്ചു.
ഇത്തരത്തിലുള്ള പല രേഖകളും കേസന്വേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ല. കന്യാസ്ത്രീകളില്‍ ചിലരുടെ താത്പര്യ പ്രകാരമാണ് ചോദ്യം ചെയ്യല്‍ സ്ഥലം മാറ്റിയതെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
സി.ബി.ഐ സംഘം ഭീകരാന്തരീക്ഷം ഉണ്ടാക്കിയെന്നത് അന്വേഷണത്തെ തടസ്സപ്പെടുത്താനുള്ള സഭയുടെ നീക്കമായാണ് സി.ബി.ഐ വിലയിരുത്തുന്നത്. ഒരു ഘട്ടത്തിലും അന്വേഷണ സംഘം മാന്യത വിട്ട് പെരുമാറിയിട്ടില്ല. രാത്രി ഒമ്പത് മണിവരെ പ്രതികളെ ചോദ്യം ചെയ്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.
ചോദ്യം ചെയ്യലിന് ശേഷം എല്ലാ ദിവസവും വൈകിട്ട് അഞ്ചരയ്ക്ക് ശേഷം തിരികെ കോണ്‍വെന്‍റിലേക്ക് പോകാന്‍ അനുവദിച്ചുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. |