സിസ്റ്റര്‍ അഭയ കേസില്‍ അറസ്റ്റിലായ വൈദികരെയും കന്യാസ്ത്രീയെയും എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കി. അടുത്ത മാസം രണ്ടു വരെ ഇവരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.ഫാ.ജോസ് പുതൃക്ക, ഫാ.തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് പ്രതികളെ കോടതിയില്‍ കൊണ്ടു വന്നത്. ഇവര്‍ക്ക് ജാമ്യം നല്‍കണമെന്ന് പ്രതികളുടെ അഭിഭാഷകര്‍ വാദിച്ചു. ശാരീരികവും മാനസികവുമായി ഏറ്റവും കൂടുതല്‍ പീഡനം ഇവര്‍ ഏറ്റുവാങ്ങിക്കഴിഞ്ഞു.അതിനാല്‍ ഇവരെ ഇനിയും പീഡിപ്പിക്കരുതെന്നും ജാമ്യം നല്‍കണമെന്നും അഭിഭാഷകര്‍ വാദിച്ചു. ഇതിനെ സി.ബി.ഐ എതിര്‍ത്തു. കേസില്‍ ഇനിയും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ട്. അതിനാല്‍ ഇവരെ ജാമ്യത്തില്‍ വിട്ടാല്‍ കേസന്വേഷണം വഴിമുട്ടും എന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. സി.ബി.ഐയുടെ ഈ അഭ്യര്‍ത്ഥന കോടതി അംഗീകരിച്ചു. അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കേണ്ട കേസാണിതെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഡിസംബര്‍ രണ്ടിന് വീണ്ടും പ്രതികളെ കോടതിയില്‍ ഹാജരാക്കണം. പ്രതികള്‍ക്ക് വേണ്ട വൈദ്യ സഹായം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.പ്രതികളെ കാണുന്നതിനായി വന്‍ജനാവലി കോടതി പരിസരത്ത് തടിച്ചു കൂടിയിരുന്നു. ഇവരുടെ ഇടയിലൂടെ വളരെ പണിപ്പെട്ടാണ് പ്രതികളെ കോടതിക്കുള്ളിലേക്ക് കൊണ്ടു പോയത്. പ്രതികള്‍ക്ക് നേരെ രൂക്ഷമായ അസഭ്യവര്‍ഷവും ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായി. |