2000 ജൂണ്‍ 23ന് പുനരന്വേഷണത്തിനു പുതിയ ടീമിനെ നിയമിക്കാന്‍ സി.ബി.ഐയ്ക്ക് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് നിര്‍ദേശം നല്‍കി. ബ്രെയ്ന്‍ ഫിംഗര്‍ പ്രിന്‍റിംഗ് അടക്കം നൂതന കുറ്റാന്വേഷണ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചു. ഇതിനി ശേഷം 2001 മേയ് 18ന് അഭയ കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ സി.ബി.ഐയ്ക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി.
2001 ഓഗസ്റ്റ് 16ന് സി.ബി.ഐ ഡി.ഐ.ജി നന്ദകിഷോറിന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പുനരന്വേഷണത്തിനു കോട്ടയത്തെത്തി. പിന്നീട് 2005 ഓഗസ്റ്റ് 30ന് കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സി.ബി.ഐ മൂന്നാം തവണയും സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. . അന്വേഷണം അവസാനിപ്പിക്കാന്‍ കോടതി തയാറായില്ല. പൊലീസ് തെളിവു നശിപ്പിച്ചു എന്നു പറഞ്ഞു കൈകഴുകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതിനിടയില്‍ 2007 ല്‍ അഭയ കേസിലെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നുവെന്ന വെളിപ്പെടുത്തലോടെ കേസ് വീണ്ടും സജീവമായി.
കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന റജിസ്റ്ററില്‍ നിന്ന് അഭയയുടെ റിപ്പോര്‍ട്ട് കാണാതായെന്നു കോടതിയില്‍ പൊലീസ് സര്‍ജന്‍ റിപ്പോര്‍ട്ട് നല്‍കി. 2007 മേയ് 22ന് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നതായി തിരുവനന്തപുരം സി.ജെ.എം കോടതി വ്യക്‌തമാക്കുന്നു.
2008ല്‍ അഭയക്കേസില്‍ സി.ബി.ഐയുടെ കേരള ഘടകം അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസന്വേഷിച്ചിരുന്ന അഗര്‍വാളിന്‍റെ പല നടപടികളും ശരിയല്ലെന്ന് നിരീക്ഷിച്ച കോടതി അഗര്‍വാളിനെതിരെ തല്‍ക്കാലം നടപടി ഇല്ലെന്നും പറഞ്ഞു. കേസ് അന്വേഷിക്കേണ്ടത് സി.ബി.ഐയുടെ കൊച്ചി യൂണിറ്റ് ആയിരിക്കണമെന്നും നിര്‍ദ്ദേശിച്ചു.
അന്വേഷണം സത്യസന്ധരായ ഉദ്യോഗസ്ഥരെ ഏല്‍പിക്കണം. സിജെഎം കോടതിക്ക് അന്വേഷണത്തിനാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാം. ഇടപെടലുകളുണ്ടായാല്‍ സിബിഐക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. പുതിയ അന്വേഷണ സംഘത്തില്‍ പൂര്‍ണ തൃപ്‌തിയും വിശ്വാസവും രേഖപ്പെടുത്തിയ കോടതി, കേസിന്‍റെ പതിവു മേല്‍നോട്ടം തുടരാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിനോടു നിര്‍ദേശിച്ചു.
പുതിയ അന്വേഷണ സംഘം വളരെ പെട്ടെന്ന് തന്നെ തെളിവുകള്‍ ശേഖരിക്കുകയും പ്രതികളെന്ന് സംശയിക്കുന്ന ഫാ.ജോസ് പുതൃക്ക, ഫാ.തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെ അറസ്റ്റ് ചെയ്യുകയും കോടതിക്ക് മുമ്പില്‍ ഹാജരാക്കുകയും ചെയ്തിരിക്കുകയാണ്. |