കോട്ടയം ബി.സി.എം കോളജ് രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്ത് കോണ്‍വന്‍റ് വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഈ കോണ്‍വെന്‍റിലെ അന്തേവാസിയായിരുന്നു സിസ്റ്റര്‍ അഭയ. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് 1992 ഏപ്രില്‍ 14ന് ക്രൈം ബ്രാഞ്ചിന് കൈമാറി. കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് 1993 ജനുവരി 30ന് സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.ഈ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് അഭയ ആക്ഷന്‍ കൌണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചു. 1993 മാര്‍ച്ച് 29ന് ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് സി.ബി.ഐ ഏറ്റെടുക്കുന്നു. സി.ബി.ഐ ഡി.വൈ.എസ്.പി വര്‍ഗീസ് പി. തോമസിനായിരുന്നു അന്വേഷണ ചുമതല. ഇതിനിടയില്‍ ക്രൈംബ്രാഞ്ച് കേസിലെ പല നിര്‍ണ്ണായക തെളിവുകളും നശിപ്പിച്ചിരുന്നു. അഭയയുടെ ഡയറിയും വസ്ത്രങ്ങളും നശിപ്പിക്കപ്പെട്ടവയില്‍ ഉണ്ടായിരുന്നു. കേസ് അന്വേഷിച്ച സി.ബി.ഐ ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്‍റെ വാദം ശരിയല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അഭയ ആത്മഹത്യ ചെയ്‌തുവെന്നു റിപ്പോര്‍ട്ട് നല്‍കാന്‍ സി.ബി.ഐ എസ്.പി വി. ത്യാഗരാജന്‍ ആവശ്യപ്പെട്ടതായി പത്രസമ്മേളനത്തില്‍ വര്‍ഗീസ് പി. തോമസ് വെളിപ്പെടുത്തി.സര്‍വീസ് ഏഴുവര്‍ഷം ബാക്കിയുള്ളപ്പോള്‍ അദ്ദേഹം ജോലി രാജി വയ്ക്കുകയും ചെയ്തു. അഭയയുടെ മരണം ആത്മഹത്യയാണെന്നു റിപ്പോര്‍ട്ടെഴുതിയ ക്രൈം ബ്രാഞ്ച് അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങള്‍ സി.ബി.ഐയെ ഏല്‍പ്പിക്കാതെ കത്തിച്ചുകളഞ്ഞതായും വര്‍ഗീസ് പി. തോമസ് ആരോപണം ഉന്നയിച്ചിരുന്നു.അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവും കേസ് തേയ്ച്ച് മായ്ച്ച് കളയാന്‍ ശ്രമിച്ചതായും വര്‍ഗീസ് തോമസ് വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷം 1994 മാര്‍ച്ച് 17ന് സി.ബി.ഐ ജോയിന്‍റ് ഡയറക്ടര്‍ എം.എല്‍. ശര്‍മയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണച്ചുമതല നല്‍കി.ഇവര്‍ അന്വേഷണത്തിന്‍റെ ഭാഗമായി വിശദമായ ഫൊറന്‍സിക് പരിശോധനകളും ഡമ്മി പരീക്ഷണവും നടത്തി. തുടര്‍ന്ന് 1996 നവംബര്‍ 26ന് കേസ് എഴുതിത്തള്ളണം എന്നാവശ്യപ്പെട്ടു സി.ബി.ഐയുടെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കില്‍. ഈ റിപ്പോര്‍ട്ട് തള്ളിയ കോടതി സി.ബി.ഐയ്ക്കു നേരെ രൂക്ഷമയ വിമര്‍ശനം ഉന്നയിച്ചു.സത്യസന്ധമായി വീണ്ടും കേസന്വേഷിക്കാന്‍ സി.ബി.ഐയ്ക്കു വീണ്ടും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്ന് 1999 ജൂലൈ 12ന് കൊലപാതകം തന്നെ എന്നു സി.ജെ.എം കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കി. നിര്‍ണായക തെളിവുകളെല്ലാം പൊലീസ് നശിപ്പിച്ചതിനാല്‍ പ്രതികളെ പിടിക്കാനായില്ലെന്നു സി.ബി.ഐ വാദം. |