അസ്‌ന വധശ്രമക്കേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി താത്ക്കാലികമായി സ്‌റ്റേ ചെയ്‌തു. പ്രതികളുടെ അപ്പീല്‍ പരിഗണിച്ച് ജസ്റ്റീസ് ആര്‍ ബസന്തിന്‍റേതാണ് ഉത്തരവ്.
പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസിലെ 12 പ്രതികള്‍ക്ക് പതിമൂന്നരവര്‍ഷം വീതം കഠിനതടവും 40,000 രൂപവീതം പിഴയും ആറുമാസംവീതം തടവുമാണ് വിചാരണ കോടതി വിധിച്ചത്. അഞ്ചാം പ്രതിക്ക് നാല്‌പതര വര്‍ഷം കഠിനതടവും ആറുമാസം തടവും 80,000 രൂപ പിഴയുമാണ് ശിക്ഷ.
പ്രതികളെല്ലാം ബി.ജെ.പി-ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ്. 2000 സെപ്റ്റംബര്‍ 27ന് കോണ്‍ഗ്രസ്-ബി.ജെ.പി. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയിലാണ് ബോംബേറില്‍ അസ്‌ന, അമ്മ ശാന്ത, അനുജന്‍ ആനന്ദ് എന്നിവര്‍ക്ക് പരിക്കേറ്റത്. ബോംബേറില്‍ പരിക്കേറ്റ അസ്‌നയുടെ വലതുകാല്‍ പിന്നീട് മുറിച്ചുമാറ്റുകയായിരുന്നു.
ചെറുവാഞ്ചേരി പൂവത്തൂര്‍ ചെക്കിയുള്ളതില്‍ പാറായി പുരുഷു (42), ആലമുള്ളതില്‍ ചമ്പാടന്‍ ദാമോദരന്‍ (53), വെള്ളേന്‍ അശോകന്‍ (44), പറമ്പന്‍ പ്രകാശന്‍ (44), ചതുരക്കിണറുള്ള പറമ്പത്ത് എം.കെ.പ്രമോദ് (33), കളത്തുംകണ്ടി ദാസന്‍ (33), താലപ്പൊയില്‍ വീട്ടില്‍ വിനോദന്‍(33), വയല്‍പറമ്പത്ത് വി.പി.രഘു (35), കുന്നിയുള്ളതില്‍ വീട്ടില്‍ പൊലപ്പാടി രമേശന്‍ (34), വടക്കന്‍ മാക്കൂല്‍ കാരായി ചന്ദ്രന്‍ (51), ബിജെപി ജില്ലാ സെക്രട്ടറി അഴീക്കോടന്‍ അശോകന്‍ (45), ചതുരക്കിണറുള്ള പറമ്പത്ത് ബാലകൃഷ്ണന്‍ (48) എന്നിവരാണ് കേസിലെ പ്രതികള്‍.
ആറാം പ്രതി കാഞ്ഞാന്‍ പ്രദീപന്‍ കഴിഞ്ഞ പത്തിന് അത്യാറക്കാവ് ക്ഷേത്രത്തിനു സമീപം ബോംബ് സ്ഫോടനത്തില്‍ മരിച്ചിരുന്നു. ഇയാള്‍ക്കെതിരെയുള്ള തുടര്‍ നടപടികള്‍ കോടതി ഒഴിവാക്കുകയായിരുന്നു. |