വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ടി കിറ്റ്‌കോ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളെ കുറിച്ച് അന്വേഷിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായി 1088 ഹെക്ടര്‍ ഭൂമി വേണമെന്നും 250 ലേറെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്നുമായിരുന്നു കിറ്റ്‌കോയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് അവിശ്വസനീയമാണെന്നും ഇത് പ്രകാരമുള്ള ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കാനുമാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.റെയില്‍, റോഡ്, വെള്ളം, വൈദ്യുതി എന്നീ അടിസ്ഥാന സൌകര്യങ്ങള്‍ക്കായി 120 ഹെക്ടര്‍ ഭൂമി മതിയെന്നാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴക്കൂട്ടത്തെ കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ക്ലേ ഫാക്ടറി നാട്ടുകാര്‍ അടിച്ചുതകര്‍ത്ത സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.ഫാക്ടറിക്കെതിരെ പ്രാദേശിക തലത്തില്‍ ഗൂഢാലോചന നടന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. |