സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി വൈദ്യുതി വകുപ്പിന്‍റെ സ്ഥലം വിട്ടുകൊടുക്കുന്നതിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് യോഗം ചേരും.
ടീക്കോമിന് കൈമാറിയ സ്ഥലത്ത് വൈദ്യുതി വകുപ്പിന്‍റെ 100 ഏക്കര്‍ ഭൂമിയിലെ ക്യാന്‍റീന്‍, ഡോര്‍മിറ്ററി കെട്ടിടം, പമ്പ് ഹൌസ് എന്നിവ ടീക്കോം സ്വന്തം ചെലവില്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം കമ്പനി പ്രതിനിധികള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം എറണാകുളം കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം ധാരണയാകാതെ പിരിഞ്ഞത്.
അതേ സമയം പദ്ധതി പ്രദേശത്ത് കൂടി പോകുന്ന പൊതുമരാമത്ത് റോഡ് രാജ്യാന്തര നിലവാരത്തില്‍ സ്വന്തം ചെലവില്‍ മാറ്റി സ്ഥാപിക്കാന്‍ ടീക്കോം സന്നദ്ധത അറിയിച്ചിട്ടുണ്ട്. വൈദ്യുതി വകുപ്പിന്‍റെ ഡോര്‍മിറ്ററി അവര്‍ തന്നെ മാറ്റി സ്ഥാപിക്കണമെന്നും ചെലവിന്‍റെ വിഹിതം വഹിക്കുന്ന കാര്യം പരിഗണിക്കാമെന്നും സ്മാര്‍ട്ട് സിറ്റി കമ്പനിയുടെ നിലപാട്.
പമ്പ് ഹൌസും മറ്റും മാറ്റുന്നതിന് പണം നല്‍കാന്‍ തങ്ങള്‍ക്ക് നിയമപരമായ തടസ്സങ്ങളുണ്ടെന്നും കമ്പനി അധികൃതര്‍ പറയുന്നു. റോഡ് മാറ്റി സ്ഥാപിക്കാന്‍ രണ്ടു കോടി രൂപയും കെട്ടിടം പുനര്‍ നിര്‍മ്മിക്കാന്‍ 95 ലക്ഷം രൂപയും പമ്പ് ഹൌസ് നിര്‍മ്മാണത്തിന് 48 ലക്ഷം രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഇന്നത്തെ ചര്‍ച്ചയില്‍ ഇരു വിഭാഗങ്ങളും വിട്ട് വീഴ്ചയ്ക്ക് തയാറാകുമെന്നും വൈദ്യുതി വകുപ്പിന്‍റെ കെട്ടിടവും മറ്റും മാറ്റി സ്ഥാപിക്കാനുള്ള ചെലവ് സര്‍ക്കാരും ടീക്കോമും സംയുക്തമായി വഹിക്കാന്‍ ധാരണയാകുമെന്നുമാണ് പ്രതീക്ഷ. സെക്രട്ടേറിയറ്റില്‍ ഉച്ചകഴിഞ്ഞാണ് യോഗം. |