മറയൂരില്‍ ഇന്ന് ചന്ദന ലേലം നടക്കും. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലേലം നടക്കുന്നത്. നാലാം ക്ലാസ് ചന്ദനം മുതല്‍ 13 ഇനം വരെയാണ് ലേലം നടത്തുന്നത്.
മറയൂരില്‍ കടപുഴകി വീണവയും തൊണ്ടിയായി പിടികൂടിയവയും സ്വകാര്യ വ്യക്തികളുടെ പട്ടയ ഭൂമിയില്‍ നിന്നും ശേഖരിച്ചവയും ഉള്‍പ്പടെ 50.54 ടണ്‍ ചന്ദനമാണ് ലേലത്തിന് വയ്ക്കുന്നത്. പൊതുമേഖലയില്‍ ചന്ദന ഫാക്ടറി തുടങ്ങാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ലേലം നടക്കുന്നത്.
ഡിപ്പോയില്‍ സൂക്ഷിക്കുന്ന ചന്ദനം പൂര്‍ണ്ണമായും തൈലം ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കാമെന്നായിരുന്നു വനംവകുപ്പിന്‍റെ കണക്ക് കുട്ടല്‍. എന്നാല്‍ ചന്ദന ഫാക്ടറി തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ ലേലം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിപണിയില്‍ ചന്ദനത്തിന്‍റെ വില നിശ്ചയിക്കാന്‍ കൂടിയാണ് ലേലം.
2005 മെയ് മാസത്തിലാണ് മറയൂരില്‍ അവസാനമായി ചന്ദന ലേലം നടന്നത്. 2750 രൂപയായിരുന്നു ഒരു കിലോ ചന്ദനത്തിന് അന്ന് വില. ഇപ്പോള്‍ 5000 രൂപയ്ക്ക് മുകളില്‍ വില ലഭിക്കുമെന്നാണ് വനം വകുപ്പിന്‍റെ പ്രതീക്ഷ. ഉത്തരേന്ത്യന്‍ കമ്പനികളും ഗുരുവായൂര്‍, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകളുമാണ് ലേലത്തില്‍ പങ്കെടുക്കാറുള്ളത്. |