ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.
തൃശ്ശൂര്‍ വെങ്കിടങ്ങ് പാടൂര്‍ കൈതമുക്കില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ വിനുവാണ് ചൊവ്വാഴ്ച രാത്രി വെട്ടേറ്റു മരിച്ചത്. പാവറട്ടിയില്‍ ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ബി.ജെ.പി, ആര്‍.എസ്.എസ്, ബി.എം.എസ് എന്നീ മൂന്ന് സംഘടനകളാണ് തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. കടകമ്പോളങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. വാഹനഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകളും ടാക്സികളും ഓടുന്നില്ല. എന്നാല്‍ ദേശീയ പാതയിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്.
പ്രധാന റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ചുരുക്കം ചില സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ തൃശൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. വിനോദിന്‍റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പവറട്ടിയിലേക്ക് കൊണ്ടു പോകും.
അക്രമികള്‍ സി.പി.എം. പ്രവര്‍ത്തകരാണെന്ന് സംഘപരിവാര്‍ നേതാക്കള്‍ ആരോപിച്ചു. വെങ്കിടങ്ങിലെ ആര്‍.എസ്.എസ്. മുന്‍ മണ്ഡല്‍ കാര്യവാഹകാണ് വിനു. രാത്രി ഏഴ് മണിയോടെ വിനുവും സുഹൃത്തും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പിന്നാലെ വന്ന കാര്‍ ബൈക്കിന്റെ പിന്നില്‍ ഇടിപ്പിച്ചു. ബൈക്ക് മറിഞ്ഞുവീണെങ്കിലും ഇരുവരും ഓടി.
കാറിലെ സംഘം വിനുവിനെ പിന്തുടര്‍ന്ന് വെട്ടിവീഴ്‌ത്തുകയായിരുന്നു. മുഖത്തും തലയ്‌ക്കും ഗുരുതരമായി മുറിവേറ്റ് വിനു റോഡില്‍ കിടന്നെങ്കിലും അക്രമികള്‍ ആരെയും അടുപ്പിച്ചില്ല. ഒപ്പമുണ്ടായിരുന്ന വിനുവിന്‍റെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു. അക്രമികള്‍ പോയശേഷം ആക്ട്‌സ് പ്രവര്‍ത്തകര്‍ എത്തി വിനുവിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
രണ്ടുവര്‍ഷം മുമ്പ് സി.പി.എം. പ്രവര്‍ത്തകനായ മുജീബ് റഹ്‌മാനെ കൊലപ്പെടുത്തിയതുസംബന്ധിച്ച കേസില്‍ ഒന്നാം പ്രതിയായ വിനു ജാമ്യത്തിലായിരുന്നു. പ്രദേശത്ത് മൂന്നു മാസത്തിനിടെ നടന്ന രണ്ടാമത്തെ കൊലപാതകമാണിത്. ആര്‍.എസ്.എസ്.പ്രവര്‍ത്തകനായ മരുതയൂര്‍ കുണ്ടുവീട്ടില്‍ ബൈജുവാണ് മുമ്പ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി വൈകി വെട്ടേറ്റ രണ്ടു പേരില്‍ ഒരാള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാല്‍ പാവറട്ടിയിലും ചികിത്സയിലാണ്. ഇവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരല്ല. പാവറട്ടിയില്‍ കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്. കരുതല്‍ നടപടിയെന്ന നിലയില്‍ പൊലീസ് ആറ് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. |