ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ബൃഹത്തായ പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി എസ്. ശര്‍മ്മ പറഞ്ഞു. കൃത്രിമപ്പാര് നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം വിഴിഞ്ഞം ഹാര്‍ബറില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
ഉള്‍നാടന്‍ മേഖലയിലെ മത്സ്യോത്പാദനം രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം മെട്രിക് ടണ്ണാക്കുമെന്ന് മന്ത്രി പറഞ്ഞു. എഴുന്നൂറ് ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പ്രദേശത്തെയും പ്രത്യേകതകള്‍ക്കനുസരിച്ചുള്ള മത്സ്യവിത്തുകളാണ് വിതരണം ചെയ്യുന്നത്.
തീരത്തുനിന്നും നാല് മുതല്‍ അഞ്ച് വരെ കി.മീ. ദൂരത്താണ് കൃത്രിമപ്പാരുകള്‍ നിക്ഷേപിക്കുന്നത്. ജില്ലയില്‍ അഞ്ചുതെങ്ങ്, കഠിനംകുളം, കരുംകുളം, പൂവാര്‍, കുളത്തൂര്‍ എന്നിവിടങ്ങളിലാണ് കൃത്രിമപ്പാര് നിക്ഷേപിക്കുന്നത്. പദ്ധതി വിജയകരമെന്ന് കണ്ടാല്‍ കേരളത്തിലെ തീരപ്രദേശങ്ങളിലുടനീളം പാര് നിക്ഷേപിക്കുമെന്ന് മന്ത്രി പറഞ്ഞു.
അറുപത് കൂടുകളാണ് ഓരോ സ്ഥലത്തും നിക്ഷേപിക്കുന്നത്. ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി എസ്. ശര്‍മ്മ പറഞ്ഞു. പൂര്‍ണ്ണമായും പരിസ്ഥിതിക്കിണങ്ങുന്ന രീതിയില്‍ നടപ്പാക്കുന്ന പദ്ധതിയുടെ മൂന്നിലൊന്ന് സര്‍ക്കാര്‍ സബ്സിഡിയാണ്.
അഡാക്കിന്‍റെ ആഭിമുഖ്യത്തില്‍ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിന്‍റെയും തുറമുഖ എഞ്ചിനീയറിങ് വകുപ്പിന്‍റെയും സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. |