സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി കെ.എസ്.ഇ.ബി നല്‍കിയ സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഏകദേശ ധാരണയായി.
കൊച്ചിയില്‍ ടീക്കോമുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം എറണാകുളം ജില്ലാകളക്ടര്‍ എം.ബീന അറിയിച്ചതാണ് ഇക്കാര്യം. സ്മാര്‍ട്ട് സിറ്റിക്കായി കെ.എസ്.ഇ.ബി നല്‍കുന്ന 100 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനാണ് ടീക്കോം സംഘം ചര്‍ച്ചയ്ക്ക് എത്തിയത്.
എറണാകുളം ജില്ലാകളക്ടര്‍മായും കെ.എസ്.ഇ.ബി, പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും ടീക്കോം ബിസിനസ് ഡവലപ്‌മെന്‍റ് മാനേജര്‍, പ്രോജക്ട് ഡവലപ്‌മെന്‍റ് മാനേജര്‍ എന്നിവര്‍ ചര്‍ച്ചകള്‍ നടത്തി. കെ.എസ്.ഇ.ബിയുടെ സ്ഥലത്തുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ റോഡ് ടീക്കോമിന്‍റെ ചെലവില്‍ മറ്റൊരിടത്തേയ്ക്ക് മാറ്റും.
എന്നാല്‍ സ്മാര്‍ട്ട് സിറ്റിക്കായി കെ.എസ്.ഇ.ബി നല്‍കുന്ന ഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിനുള്ള ചെലവ് പൂര്‍ണമായി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ടീക്കോം അറിയിച്ചു. ചെലവിന്‍റെ ഒരു ഭാഗം ടീക്കോം നല്‍കും. 98 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് കെ.എസ്.ഇ.ബി ഉണ്ടാക്കിയിരിക്കുന്നത്.
കെ.എസ്.ഇ.ബിയുടെ ഭൂമി സമയബന്ധിതമായി സ്മാര്‍ട്ട് സിറ്റിക്കായി ഒരുക്കണമെന്ന് ടിക്കോം ആവശ്യപ്പെട്ടിട്ടുണ്ട്. 15 മാസത്തെ സമയമാണ് ഇതിനായി സ്മാര്‍ട്ട് സിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്. ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകും. |