ഡല്‍ഹിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും സാഹിത്യകാരന്‍ എം.മുകുന്ദനെയും വിമര്‍ശിക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
എം.മുകുന്ദനെ മുന്‍നിര്‍ത്തി വി.എസ് അച്യുതാനന്ദനെതിരെ നീങ്ങുന്നത് പിണറായി വിജയനാണെന്ന് പോസ്റ്ററുകളില്‍ ആരോപിക്കുന്നു. ഡല്‍ഹിയിലെ കേരള ഹൌസിന്‍റെ പ്രധാന ഗേറ്റിന് മുന്നിലും മറ്റ് സ്ഥലങ്ങളിലുമാണ് പിണറായി വിജയനും എം. മുകുന്ദനുമെതിരെ ഇന്ന് രാവിലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
മാര്‍ക്സിസം, ലെനിനിസം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ പഴഞ്ചന്മാര്‍ അഴിമതിക്കാരാല്‍ നയിക്കപ്പെടുന്ന പുത്തന്‍ നേതൃത്വം ഭാവിയുടെ വാഗ്ദാനം എന്ന് വ്യക്തമാക്കുന്ന പോസ്റ്ററില്‍ താഴെ എം.മുകുന്ദന്‍ എന്ന് എഴുതിയിരിക്കുന്നു. വി.എസ് കാലഹരണപ്പെട്ട പുണ്യവാളനോ മാര്‍ക്സിസം കാലഹരണപ്പെട്ടുവോ തുടങ്ങിയ ചോദ്യങ്ങളും പോസ്റ്ററുകളില്‍ ഉന്നയിക്കുന്നുണ്ട്.
എം.മുകുന്ദന്‍ കാര്യമായ സാഹിത്യസംഭാവനകളൊന്നും നല്‍കിയിട്ടില്ലെന്നും പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നു. ഉച്ചയോടെ ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ കീറിക്കളഞ്ഞു. സി.പി.എമ്മിലെ ഗ്രൂപ്പ് വഴക്കുകള്‍ രൂക്ഷമായപ്പോഴെല്ലാം മുമ്പും ഡല്‍ഹിയില്‍ ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. |