നെയ്യാര്‍ അന്തര്‍സംസ്ഥാന നദിയാണെന്ന തമിഴ്‌നാടിന്‍റെ വാദം അംഗീകരിക്കാനാവില്ലെന്ന് ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ നിയമപ്രകാരം തമിഴ്നാടിന് അര്‍ഹതപ്പെട്ട വെള്ളം നല്‍കുമെന്നും മന്ത്രി പറഞ്ഞു.കേരളം വെള്ളം തരാത്തതുകൊണ്ട് തമിഴ്നാട്ടില്‍ വ്യാപകമായി കൃഷി നശിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിളവന്‍കോട് താലൂക്കിലേക്കും നെയ്യാറ്റിന്‍കര താലൂക്കിലേക്കും നെയ്യാറില്‍ നിന്നും വെള്ളമെത്തിക്കുന്ന പദ്ധതിയാണിത്.ഒരു കരാറുമില്ലാതെയാണ് 1984 വരെ നെയ്യാറില്‍ നിന്നും വെള്ളം നല്‍കിക്കൊണ്ടിരുന്നത്. പദ്ധതി കമ്മിഷന്‍ ചെയ്യുന്ന സമയത്ത് വിളവന്‍കോട് താലൂക്ക് തിരു-കൊച്ചി സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്നു. ഇത് തമിഴ്നാടിന്‍റെ ഭാഗമായതിന് ശേഷവും വെള്ളം നല്‍കിക്കൊണ്ടിരുന്നു. 2004 ല്‍ കേരളം കൊണ്ടു വന്ന നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ വെള്ളം കൊടുക്കുന്നത് നിര്‍ത്തുകയായിരുന്നു. ഈ നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് ഇറിഗേഷന്‍ ആക്ട് അനുസരിച്ച് കരാറ് വേണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനോട് തമിഴ്നാട് വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. |