|
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതിക്ക് തുടക്കമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്ഥാന സ്പോര്‍ട്‌സ് കൌണ്‍സിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഒമ്പതിനും പതിനേഴിനും ഇടയ്ക്ക് പ്രായമുള്ള എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികളെയും കായിക ക്ഷമതാപരിശോധനയില്‍ ഉള്‍പ്പെടുത്തും. വിദ്യാഭ്യാസ മന്ത്രി എം.എ ബേബി സമ്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഞ്ച് ലെവലുകളിലായാണ് കുട്ടികളുടെ ശാരീരിക ക്ഷമത പരിശോധിക്കുന്നത്.
ഉയരവും ഭാരവും അടിസ്ഥാനമാക്കിയുള്ള ശരീര പിണ്ഡസൂചിക (ബി.എം.ഐ), ഉദര പേശികളുടെ കരുത്ത് വിലയിരുത്താനായി സിറ്റ് അപ്സ്, മുതുകിന്‍റെ പ്രവര്‍ത്തനം അളക്കാന്‍ സിറ്റ് ആന്‍റ് റീച്ച്, ശരീരത്തിന്‍റെ മുകള്‍ ഭാഗത്തെ ശക്തി പരിശോധിക്കാന്‍ മോഡിഫൈഡ് പുള്‍ അപ്, ഹൃദയ, ശ്വസന സ്ഥിരത അളക്കാന്‍ ഒരു മൈല്‍ ഓട്ടം എന്നിവയിലാണ് കുട്ടികളുടെ കായികക്ഷമത പരിശോധിക്കുന്നത്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് ഗ്രേഡ് രേഖപ്പെടുത്തിയ കാര്‍ഡ് നല്‍കും. നിര്‍ദ്ദിഷ്ട കായികക്ഷമത ഇല്ലാത്ത കുട്ടികള്‍ക്ക് പരിഹാര മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കും. കായികക്ഷമത പദ്ധതി വന്‍ വിജയമാക്കുന്നതിനായി ഓരോ ജില്ലയിലും ഫിറ്റ്‌സ്റ്റ് സ്കൂള്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മികച്ച കായികക്ഷമതയുള്ള കുട്ടികള്‍ക്ക് യോഗ്യതാപത്രവും മെഡലും നല്‍കും. കായികക്ഷമതാ പദ്ധതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കുട്ടികളുടെ എയ്‌റോബിക്സ് ഷോയും നടന്നു.
|