ഇടതുമുന്നണിയില്‍ അംഗമായിരുന്നപ്പോള്‍ ലഭിച്ച സ്ഥാനങ്ങള്‍ എന്‍.സി.പി അംഗങ്ങള്‍ ഉടന്‍ രാജിവയ്ക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.മുരളീധരന്‍ അറിയിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ യു.ഡി.എഫിലെ കക്ഷികള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് പിന്തുണ നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.സി.പി ദേശീയാധ്യക്ഷനെ അധിക്ഷേപിക്കുന്നവരുമായി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കില്ല. സംസ്ഥാനത്ത് ഇരുപത് സീറ്റുകളിലും ഒറ്റയ്‌ക്ക് മത്സരിക്കാന്‍ തീരുമാനം. അതേസമയം കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം വരുമ്പോള്‍ മുന്നണി ബന്ധങ്ങളെകുറിച്ച് ആലോചിക്കും. വൈദ്യുതി ചാര്‍ജ്, സ്വാശ്രയ പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എന്‍.സി.പി സെക്രട്ടേറിയറ്റിനു മുന്നില്‍ ഡിസംബര്‍ 17-ന് ഉപവാസ സമരം നടത്തുമെന്നും മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരില്‍ തമ്മിലടിയാണ് നടക്കുന്നത്. യു.ഡി.എഫിന്‍റെ കാലത്തുണ്ടായിരുന്നതിലധികം തമ്മിലടിയും സ്‌പര്‍ദയുമാണ് ഇപ്പോഴുള്ളത്. പാര്‍ട്ടിയിലെ വിഭാഗീയത ഇപ്പോള്‍ സാഹിത്യ രംഗത്തേക്കു കൂടി വ്യാപിച്ചിരിക്കുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. |