തീവ്രവാദി പ്രവര്‍ത്തനങ്ങളെ കൂട്ടായി നേരിടണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി പറഞ്ഞു. തീവ്രവാദത്തിന്‍റെ പേരില്‍ ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ഒറ്റപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.മഹാത്മാഗാന്ധി സര്‍വകലാശാലയിലെ പരീക്ഷാഭവന്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ആന്‍റണി. തീവ്രവാദത്തിന്‍റെ പേരില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. ഏതു മതത്തിലായാലും തീവ്രവാദികളെ ഒറ്റപ്പെടുത്തണം. തീവ്രവാദത്തിനെതിരെ ആശയപരമായ പോരാട്ടമാണ് ആവശ്യം. സര്‍വകലാശാലകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനാവും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്‌തമായി സംവിധാനം രൂപപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് കേന്ദ്രത്തിന്‍റെയോ സംസ്ഥാന സര്‍ക്കാരിന്‍റെയോ മാത്രം പ്രശ്മല്ല. പരസ്പരം പഴി ചാരിയിട്ടും കാര്യമില്ല. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഒത്തു ചേര്‍ന്ന് കുറ്റമറ്റ പദ്ധതി രൂപവല്‍ക്കരിക്കണം. ശക്‌തമായ, വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് വേണ്ടത്. മാലെഗാവ് സ്ഫോടനത്തില്‍ പട്ടാള ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്നത് ഒറ്റപ്പെട്ട സംഭവമായി കണ്ടാല്‍ മതി. ഇതേക്കുറിച്ച് മഹാരാഷ്ട്ര പൊലിസും മിലിട്ടറി ഇന്‍റലിജന്‍സും അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയുണ്ടാവും. മണ്ഡല മകരവിളക്കു കാലത്ത് കേന്ദ്രസേനകളുടെ സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ കത്തു ലഭിച്ചിരുന്നുവെന്നും ആന്‍റണി പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലെ ഡിഫന്‍സ് കേന്ദ്രങ്ങള്‍ അടിയന്തിര ഘട്ടങ്ങളില്‍ സഹായമെത്തിക്കാന്‍ സജ്ജമാണ്. ഏതു രീതിയില്‍ കേന്ദ്രസേനകളുടെ സഹായം വേണമെന്നതും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ രൂപരേഖ നല്‍കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു. താന്‍ കേരളത്തിന്‍റെ കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നതു അടിസ്ഥാനരഹിതമായ ആരോപണമാണ്. അതു കേരളത്തിലെ ജനങ്ങള്‍ക്കറിയാം. റേഷന്‍ വിഹിതക്കാര്യത്തില്‍ ഞാനും വയലാര്‍ രവിയും ശരത് പവാറിനെ കണ്ടിരുന്നു. വിളവിന്‍റെ അടിസ്ഥാനത്തില്‍ റേഷന്‍ വിഹിതം പുനസ്ഥാപിക്കാമെന്നാണ് പവാര്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെ ചെയ്യുമെന്നാണു പ്രതീക്ഷ. ചൈനയുമായി ഡിസംമ്പറില്‍ സംയുക്‌ത സൈനികാഭ്യാസം നടത്തും. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ സൈനികാഭ്യാസം നടത്തുന്നതെന്നും ആന്‍റണി പറഞ്ഞു. |