ആരോഗ്യവകുപ്പിന് കീഴിലെ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാക്കുകയെന്ന ലക്‍ഷ്യത്തോടെ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ.ശ്രീമതി ടീച്ചര്‍ ജില്ലകള്‍ തോറും ജനസമ്പര്‍ക്ക പരിപാടി നടത്തും.
ജനപ്രതിനിധികളില്‍ നിന്നും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. ആശുപത്രികളില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി മന്ത്രി അവലോകനം ചെയ്യും. ആദ്യഘട്ടം വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്.
ഒക്ടോബര്‍ 23ന് കല്‍പ്പറ്റയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും 24ന് കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും 25ന് കാഞ്ഞങ്ങാട്ട് ജില്ലാ ആശുപത്രി കോമ്പൗണ്ടിലുമാണ് ജനസമ്പര്‍ക്കം. മറ്റ് ജില്ലകളില്‍ പിന്നീട് തീയതി നിശ്ചയിക്കും. എം.എല്‍.എമാര്‍, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ പങ്കെടുക്കും.
രാവിലെ പത്ത് മുതല്‍ 12 മണി വരെയാണ് ജനസമ്പര്‍ക്ക പരിപാടി. ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ചര്‍ച്ച ചെയ്യുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും 12 മുതല്‍ ഒന്നര വരെ ഉദ്യോഗസ്ഥതലയോഗം ചേരും.
ആരോഗ്യ വകുപ്പ് സെക്രട്ടറി, എന്‍.ആര്‍.എച്ച്.എം ഡയറക്ടര്‍, അതത് ജില്ലകളുടെ ചുമതലയുള്ള അഡീഷണല്‍ ഡി.എച്ച്.എസ്, ഹോമിയോ, ആയുര്‍വേദ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം തെരഞ്ഞെടുത്ത ആശുപത്രികള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. |