മെഡിക്കല്‍ ബിരുദ/ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍/സ്വാശ്രയ/കോ-ഓപ്പറേറ്റീവ് മേഖലയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നിര്‍ബന്ധിത സര്‍ക്കാര്‍ സേവനം സംബന്ധിച്ച് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ഇതനുസരിച്ച് സര്‍ക്കാര്‍, സ്വാശ്രയ/കോ ഓപ്പറേറ്റീവ് (ഗവ.ക്വാട്ട) മെഡിക്കല്‍ കോളജുകളില്‍ നിന്ന് എം.ബി.ബി.എസ്. പൂര്‍ത്തിയാക്കി സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ലഭിച്ചവരെ ആരോഗ്യവകുപ്പ് ഡയറക്ടര്‍/മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരുടെ കീഴിലുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ സ്നേഹിതന്‍/സ്നേഹിത ഡോക്ടര്‍മാരായി ഒരു വര്‍ഷത്തേക്ക് നിയമിക്കും.
ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കുള്ള നിയമനം ഗ്രാമീണ സേവനമായി പരിഗണിക്കും. അഖിലേന്ത്യാ ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ഇത് ബാധകമാണ്. നിര്‍ബന്ധിത സേവന കാലയളവില്‍ പ്രതിമാസം 15,000 രൂപയും അലവന്‍സും വേതനമായി ലഭിക്കും. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ (എന്‍.ആര്‍.എച്ച്.എം.) ആണ് വേതനം നല്‍കുന്നത്.
നിര്‍ബന്ധിത സേവന കാലയളവില്‍ ഡോക്ടര്‍മാര്‍ക്ക് ബിരുദാനന്തര ബിരുദ/ഡിപ്ലോമ/ഡി.എന്‍.സി. കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അംഗീകൃത സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലോ/ആശുപത്രികളിലോ പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഉപരിപഠനത്തിന് അനുമതി ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ ഡി.എന്‍.ബി.കോഴ്സിന് ചേരാന്‍ അനുമതി ലഭിക്കില്ല.
ഉപരിപഠനത്തിന് അനുമതി ലഭിച്ചവര്‍ പഠനകാലാവധിക്ക് ശേഷം ശേഷിച്ച നിര്‍ബന്ധിത സേവനം പൂര്‍ത്തിയാക്കണം. നിര്‍ബന്ധിത സേവനം ചെയ്തിട്ടില്ലാത്ത ബിരുദാനന്തര/ഡിപ്ലോമ/ഡി.എന്‍.ബി/സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകള്‍ പാസായവരെ മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വ്വീസ്/ആരോഗ്യ വകുപ്പിന് കീഴിലുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ നിയമിക്കും.
മെഡിക്കല്‍ പി.ജി./ഡി.എന്‍.ബിക്കാര്‍ക്ക് പ്രതിമാസം 23,000 രൂപയും അലവന്‍സും ഡി.എച്ച്.എസ്./ഡി.എം.ഇ പി.ജി.ഡിപ്ലോമക്കാര്‍ക്ക് 21,000 രൂപയും അലവന്‍സും സൂപ്പര്‍ സ്പെഷ്യാലിറ്റി ബിരുദധാരികള്‍ക്ക് 25,000 രൂപയും വേതനമായി ലഭിക്കും. പി.ജി.കോഴ്സ് ജയിക്കാത്ത നിര്‍ബന്ധിത സേവനത്തിന് നിയോഗിക്കപ്പെട്ടവര്‍ക്ക് 15,000 രൂപ അലവന്‍സും ലഭിക്കും.
നിര്‍ബന്ധിത സേവന വ്യവസ്ഥകള്‍ ലംഘിക്കുന്നവരില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഈടാക്കും. അവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉപരിപഠനത്തിനോ/സേവനത്തിനോ അവസരം ലഭിക്കില്ല. അവരുടെ പഠനത്തിനായി സര്‍ക്കാര്‍ ചെലവാക്കിയ തുക റവന്യൂ റിക്കവറി നടപടികള്‍ വഴി ഈടാക്കുകയും ചെയ്യും.
നിര്‍ബന്ധിത സേവനം അനുഷ്ഠിക്കാത്ത എല്ലാ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും 100 രൂപ സ്റ്റാമ്പ് പേപ്പറില്‍ നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പ്രകാരം പുതിയ ബോണ്ട് എക്സിക്യൂട്ട് ചെയ്യേണ്ടതാണ്. മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ /സ്വാശ്രയം, കോഓപ്പറേറ്റീവ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ അതാത് സ്ഥാപനങ്ങളില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയവരുടെ വിലാസവും, ലഭിച്ച മാര്‍ക്കും എന്‍.ആര്‍.എച്ച്.എം. ഡയറക്ടറെയും, ആരോഗ്യ സെക്രട്ടറിയെയും അറിയിക്കേണ്ടതാണ്.
ആരോഗ്യ/കുടുംബക്ഷേമ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, എന്‍.ആര്‍.എച്ച്.എം. മിഷന്‍ സംസ്ഥാന ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ /മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, എന്‍.ആര്‍.എച്ച്.എം. സംസ്ഥാന പ്രോഗ്രാം മാനേജര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നിര്‍ബന്ധിത സേവനത്തിന് നിയോഗിക്കുന്നവരെ നിയമിക്കുന്നത്.
നിയമന ഉത്തരവ് പുറപ്പെടുവിക്കുന്നത് എന്‍.ആര്‍.എച്ച്.എം. മിഷന്‍ ഡയറക്ടറാണ്. അഖിലേന്ത്യാ ക്വാട്ടയില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള വ്യവസ്ഥകള്‍ ഹൈക്കോടതി വിധിക്ക് വിധേയമായിരിക്കും. |