|
ഏവരും ഉറ്റുനോക്കിയിരുന്ന പ്രഖ്യാപനം നടന്നു. കേരളത്തില്‍ നിന്നുള്ള അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ ആണ് അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.
ലക്ഷക്കണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തിയാണ് അല്‍ഫോന്‍സാമ്മയെ പോപ്പ് വിശുദ്ധയായി പ്രഖ്യാപിച്ചത്. അല്‍ഫോന്‍സാമ്മയ്ക്കൊപ്പം എറീക്കോ ഗെത്താനോ, മരിയ ബെര്‍ണാദ ബ്യുട്ലര്‍, നാര്‍സിസ മാര്‍ത്തിലോ എന്നിവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു. വത്തിക്കാന്‍ സ്ക്വയറിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
വിശുദ്ധരെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പോപ്പിനോടൊപ്പം 250ല്‍ പരം ബിഷപ്പുമാരും പങ്കെടുത്തു. വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നവരുടെ ലഘു ജീവ ചരിത്രവും ചടങ്ങില്‍ വായിക്കുകയുണ്ടായി.
അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോള്‍ ചടങ്ങിന് സാക്‍ഷ്യം വഹിച്ച ഇന്ത്യാക്കാര്‍ ത്രിവര്‍ണ്ണപതാക വീശി ആഹ്ലാദവും ഭക്തിയും പ്രകടിപ്പിച്ചു. വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതോടെ അല്‍ഫോന്‍സാമ്മയുടെ ഓര്‍മ്മപ്പെരുന്നാള്‍ ലോകമെമ്പാടുമുള്ള കത്തോലിക്ക ദേവാലയങ്ങളില്‍ ഇനി കൊണ്ടാടും.
വിശുദ്ധരുടെ ചരമ ദിനമാണ് ഓര്‍മ്മപ്പെരുന്നാളായി ആചരിക്കുന്നത്. ഇത് പ്രകാരം അല്‍ഫോന്‍സാമ്മയുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 29നാണ്.
വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടവരുടെ തിരുശേഷിപ്പ് പള്ളിയിലെ അള്‍ത്താരയില്‍ സമര്‍പ്പിക്കപ്പെടുന്ന ചടങ്ങും നടന്നു.
|