വിമാനയാത്ര ടിക്കറ്റിന് ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയിരുന്ന കമ്മീഷന്‍ നിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് കേരള ട്രാവല്‍ ആന്‍റ് ടൂറിസം കോഓര്‍ഡിനേഷന്‍ ഫോറം വെള്ളയമ്പലത്ത് എയര്‍ ഇന്ത്യ ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി.
വര്‍ക്കല രാധാകൃഷ്ണന്‍ എം.പി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ടൂറിസം ട്രാവല്‍ ഏജന്‍സികള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്ന ശാസ്തമംഗലം ഭാഗത്ത് നിന്ന് പ്രകടനമായാണ് ഫോറം പ്രവര്‍ത്തകര്‍ എയര്‍ ഇന്ത്യ ഓഫീസിനു മുന്നിലെത്തിയത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അയാട്ടാ, നോണ്‍ അയാട്ടാ ടൂര്‍ ഓപ്പറേറ്റര്‍മാരും റിക്രൂട്ടിംഗ് എജന്‍റുമാരും ആണ് ധര്‍ണ്ണയില്‍ പങ്കെടുത്തത്.
ഇന്ത്യയിലെ വിമാന യാത്രാ നിരക്ക് നിര്‍ണ്ണയിക്കുന്ന സംവിധാനത്തിന്‍റെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യയുടെ ഔദ്യോഗിക വിമാന കമ്പനിയായ എയര്‍ ഇന്ത്യയാണുള്ളത്. കമ്മീഷന്‍ പുന:സ്ഥാപിക്കുന്ന കാര്യത്തില്‍ എയര്‍ ഇന്ത്യ അനുകൂലമാണെങ്കില്‍ സ്വാഭാവികമായും മറ്റു വിമാന കമ്പനികള്‍ക്കും അത് അംഗീകരിക്കേണ്ടിവരും.
എന്നാല്‍ എയര്‍ ഇന്ത്യ ട്രാവല്‍ ഏജന്‍റുമാരോടെ വൈരനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണെന്നും ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ ഇതാണ് കാരണമെന്നും കെ.വി.മുരളീധരന്‍ പറഞ്ഞു. കമ്മീഷന്‍ നിര്‍ത്തുന്നതോടു കൂടി വിദേശ വിമാന യാത്രാ നിരക്കില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടാവുമെന്നും അതിന്‍റെ ലക്ഷണം ഇപ്പോള്‍ തന്നെ പ്രകടമാനെന്നും ഇത് ഗള്‍ഫില്‍ പണിയെടുക്കുന്ന ശരാശരി മലയാളി തൊഴിലാളികളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷന്‍ പുന:സ്ഥാപിക്കുന്ന കാര്യം പാര്‍ലമെന്‍റിനു മുമ്പാകെ അവതരിപ്പിക്കുമെന്ന് വര്‍ക്കല രാധാകൃഷ്ണന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, പന്ന്യന്‍ രവീന്ദ്രന്‍ എം.പി., ഫോറം ചെയര്‍മാന്‍ ഇ.എം.നജീം, കെ.വി.മുരളീധരന്‍, എം.എം.ഹസ്സന്‍, ചാന്നാങ്കര എം.പി കുഞ്ഞ്, എം.കെ.എ റഹീം, ഷിബു മേത്തര്‍, സാജിദ് മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
കമ്മീഷന്‍ നിര്‍ത്തലാക്കുന്നതിനെതിരെ അയാട്ട അംഗീകൃത ട്രാവല്‍ എജന്‍സികള്‍ ഓഗസ്റ്റ് പതിനാലിന് രാജ്യവ്യാപകമായി ഹര്‍ത്താല്‍ ആചരിച്ചിരുന്നു. എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികളും ട്രാവല്‍ ഏജന്‍റുമാരുടെ സംഘടനകളും തമ്മില്‍ രണ്ട് വട്ടം ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.
ഗള്‍ഫ് വിമാനനിരക്കുകള്‍ ഉയരുന്നു
|