ജില്ലാ ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്‍റുമാരുടെയും പുതിയ പട്ടിക പുറത്തിറക്കുന്നത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസില്‍ അനിശ്ചിതത്വം തുടരുകയാണെന്ന് റിപ്പോര്‍ട്ട്.
ബ്ലോക്കടിസ്ഥാനത്തില്‍ ഉയര്‍ന്നിട്ടുള്ള പരാതികള്‍ പരിഹരിച്ച് ഈ മാസം 31 ന് മുമ്പ് പട്ടിക പുറത്തിറക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രമം. തര്‍ക്കം പരിഹരിക്കാന്‍ കെ.പി.സി.സി നേതൃത്വം ഇടപെട്ട് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സംസ്ഥാനതലത്തില്‍ തീര്‍പ്പാക്കേണ്ട പുനസംഘടനാ വിഷയം തര്‍ക്കത്തെ തുടര്‍ന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ മുന്നിലെത്തിയത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ ഒരാഴ്ചയിലധികം ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്ത് നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ അന്തിമപട്ടികയ്ക്ക് രൂപം നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ജില്ലാ ഭാരവാഹികളുടെ എണ്ണം കൂടിപ്പോയെന്ന പരാതി സംസ്ഥാന നേതൃത്വം ഉയര്‍ത്തിയത്.
ഇനിയുള്ള തര്‍ക്കങ്ങള്‍ സംസ്ഥാന തലത്തില്‍ പരിഹരിക്കണമെന്ന് കേന്ദ്രനേതൃത്വം കേരള നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കി. ഇതിനിടയില്‍ പട്ടികയ്ക്കെതിരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളിലെ പ്രമുഖരും രംഗത്തെത്തി. ഭാരവാഹികളുടെ ഏണ്ണത്തില്‍ എ ഗ്രൂപ്പ് മേല്‍ക്കൈ നേടിയതാണ് ഇവരെ ചൊടിപ്പിച്ചത്.
കാലങ്ങളായി കൈവശം വച്ചിരിക്കുന്ന ബ്ലോക്കുകള്‍ നഷ്ടപ്പെടുമെന്ന് വന്നപ്പോള്‍ പലരും പരാതികളുമായി രംഗത്തെത്തി. പരാതികള്‍ പരിഹരിക്കുന്നതിന് കെ.പി.സി.സി അധ്യക്ഷനും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റും ശനിയാഴ്ച ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം കെ.പി.സി.സി നിര്‍വ്വാഹക സമിതി യോഗത്തിന് ശേഷവും യൂത്ത് കോണ്‍ഗ്രസിലെ പ്രശ്നപരിഹാര ചര്‍ച്ചകള്‍ തുടര്‍ന്നു.
ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്ന് നിര്‍വ്വാഹക സമിതിയോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ടി.സിദ്ദിഖ് തുറന്നടിക്കുകയും ചെയ്തു. ഈ മാസം 31ന് മുമ്പ് പട്ടിക പുറത്തിറക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പറയുന്നത്.
ഇതു സംബന്ധിച്ച പരാതികള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. ജില്ലാഭാരവാഹികളുടെ എണ്ണം 25ല്‍ കൂട്ടാതെ മാനദണ്ഡങ്ങള്‍ ലംഘിക്കാതെ പട്ടികയിലിടം നേടിയവരെ ഒഴിവാക്കുക എന്നതാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. ചില ബ്ലോക്ക് പ്രസിഡന്‍റുമാരുടെ കാര്യത്തിലും മാറ്റമുണ്ടാകും.
കേന്ദ്ര നേതൃത്വം അംഗീകരിച്ച പട്ടികയില്‍ മാറ്റങ്ങള്‍ വരുത്തി പുതിയ പട്ടിക പുറത്തിറക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രമം.
|