അഭയകേസില്‍ പ്രതികളെ കുറിച്ച് വ്യക്‌തമായ സൂചന കിട്ടിയിട്ടുണ്ടെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ വിചാരണ നടത്താന്‍ മാത്രം തെളിവുകള്‍ ഇവര്‍ക്കെതിരെയില്ലെന്നും സി.ബി.ഐ അറിയിച്ചു.
ജസ്റ്റിസ് വി.രാംകുമാറിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് സിസ്റ്റര്‍ അഭയയുടെ ഘാതകരെ കുറിച്ച് വ്യക്തമായി സൂചനയുണ്ടെന്ന് ഡി.വൈ.എസ്.പി അഗര്‍വാള്‍ അറിയിച്ചത്. എന്നാല്‍ ഇവരെ പ്രതി ചേര്‍ക്കാന്‍ മാത്രമുള്ള തെളിവുകള്‍ പരിമിതമാണ്. തെളിവുകള്‍ക്കായുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും അഗര്‍വാള്‍ കോടതിയെ അറിയിച്ചു.
അഭയകേസ് അന്വേഷിക്കുന്ന സി.ബി.ഐ മൂന്നുതവണ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഹൈക്കോടതിയില്‍ നല്‍കിയെങ്കിലും പ്രതികളെ കുറിച്ച് പരമാര്‍ശം നടത്തിയിരുന്നില്ല. പ്രതികളെ അറിയാമെന്ന് ആദ്യമായാണ് സി.ബി.ഐ ഹൈക്കോടതിയില്‍ അറിയിക്കുന്നത്.
പ്രതികളെന്നു സംശയിക്കുന്നവരില്‍ നടത്തിയ നാര്‍ക്കോ അനാലിസ് പരിശോധന ചിത്രീകരിച്ച മൂന്ന് സി.ഡികള്‍ ഹൈദ്രാബാദിലെ ഫോറന്‍സിക് ലാബ് അധികൃതര്‍ ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. എന്നാല്‍ സി.ബി.ഐ നല്‍കിയത് ഒരു സി.ഡി മാത്രമാണ്‍. സി.ബി.ഐ നല്‍കിയ സി.ഡിയിലുള്ളതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ലാബ് നല്‍കിയ സി.ഡിയിലുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഈ സി.ഡികള്‍ തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിദ്ദേശം നല്‍കി. പ്രതികളെ അറസ്‌റ്റു ചെയ്യാനുള്ള തെളിവില്ലെന്ന് സി.ബി.ഐ അറിയിച്ചപ്പോള്‍ സി.ബി.ഐ പിടികൂടുന്ന എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുണന്നുണ്ടോയെന്ന മറു ചോദ്യമാണ് ഹൈക്കോടതി ആരാഞ്ഞത്.
|