ഇടതുപക്ഷ സംഘടനകളുടെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദായി മാറുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം ലോറന്‍സ് പറഞ്ഞു.
പണിമുടക്കുന്ന തൊഴിലാളികള്‍ നാളെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ട്രെയിനുകള്‍ പിക്കറ്റുചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും.
പണിമുടക്കില്‍ തൊഴിലാളികളും ജീവനക്കാരുമടക്കം ദേശീയതലത്തില്‍ പത്ത് കോടി ആളുകള്‍ പങ്കെടുക്കുമെന്ന് ട്രേഡ് യൂണിയന്‍ സ്‌പോണ്‍സറിംഗ് കമ്മിറ്റി അറിയിച്ചു. സംസ്ഥാനത്ത് തൊഴില്‍ മേഖലകളെല്ലാം സ്തംഭിക്കും. പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണമായിരിക്കുമെന്നും തീവണ്ടി ഗതാഗതത്തെയടക്കം ഇത് ബാധിക്കുമെന്നും എം.എം ലോറന്‍സ് പറഞ്ഞു.
നാളെ യാത്ര ഒഴിവാക്കി പണിമുടക്കിനോടു സഹകരിക്കാന്‍ സ്‌പോണ്‍സറിംഗ് കമ്മിറ്റി കണ്‍വീനര്‍ കാനം രാജേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു. പത്രം, പാല്‍, ആംബുലന്‍സ് സര്‍വീസുകള്‍, ആശുപത്രി എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇടതുപക്ഷ യൂണിയനുകള്‍ക്കു പുറമെ ഡി.എം.കെ. യൂണിയനായ ലേബര്‍ പ്രോഗ്രസീവ് ഫ്രണ്ടും പണിമുടക്കും.
വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുക, അവശ്യ സാധനങ്ങളുടെ അവധി വ്യാപാരം നിരോധിക്കുക, പെട്രോള്‍-ഡീസല്‍ നികുതി കുറയ്‌ക്കുക, കരാര്‍ തൊഴിലും പുറം തൊഴിലും അവസാനിപ്പിക്കുക, അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുക, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍നിന്നും കര്‍ഷകര്‍ വാങ്ങിയ വായ്‌പകൂടി ദേശീയ കടാശ്വാസ പദ്ധതിയില്‍ കൊണ്ടുവരുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
|