സംസ്ഥാന സര്‍ക്കാരുമായി ധാരണയിലെത്തിയ ആറു സ്വാശ്രയ മാനേജ്‌മെന്‍റ് കോളജുകളിലെ ഫീസ് ധാരണ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്‌ചത്തേക്കു മാറ്റി.
ഈ കോളജുകളിലേക്കുള്ള പ്രവേശനത്തിനുള്ള സുപ്രീം കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രവേശന നടപടികളുമായി മുന്നോട്ട് പോകാനാണ് മാനേജ്‌മെന്‍റുകളുടെ തീരുമാനം. പി.എ മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച ഫീസായിരിക്കും ഇപ്പോള്‍ ഈടാക്കുക.
മാനേജ്‌മെന്‍റ് അസോസിയേഷന്‍ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനവുമായി മുന്നോട്ട് പോകാനാണ് ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ ബഞ്ച് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ കരാര്‍ പ്രകാരമുള്ള ഫീസ് വാങ്ങോമോ എന്നതിനെ സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായിരുന്നതിനാല്‍ പ്രവേശന നടപടികള്‍ തുടങ്ങിയിരുന്നില്ല.
ഈ കേസ് ഇന്ന് പരിഗണിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റിവച്ചു. ഈ സാഹചര്യത്തില്‍ രണ്ട് ദിവസത്തിനകം പ്രവേശന പട്ടിക പ്രസിദ്ധീകരിച്ച് പ്രവേശനം നടത്തുമെന്ന് അസോസിയേഷന്‍ അറിയിച്ചു.
ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള 2,40,000 രൂപ മുതല്‍ 2, 60,000 രൂപ വരെയുള്ള ഫീസായിരിക്കും വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുക. അടുത്ത തിങ്കളാഴ്ച തന്നെ കോളജുകളില്‍ ക്ലാസുകള്‍ തുടങ്ങാനാണ് മാനേജുമെന്‍റ് അസോസിയേഷന്‍ ആലോചിക്കുന്നത്.
|