ഗുജറാത്തിലെ സ്ഫോടന പരമ്പരകള്‍ നടത്തിയവര്‍ക്ക് കേരളത്തില്‍ വച്ച് പരിശീലനം നല്‍കിയിരുന്നതായി ഗുജറാത്ത് ഡി.ജി.പി അറിയിച്ചു. സ്ഫോടന പരമ്പര സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സിമി തന്നെയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സിമിയുടെ പ്രധാന ഭാരവാഹികളെല്ലാം തങ്ങളുടെ പിടിയിലായിക്കഴിഞ്ഞുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. കേരളത്തിലെ എറണാകുളത്തും വാഗമണ്ണിലും വച്ചാണ് സിമി പ്രവര്‍ത്തകര്‍ക്ക് കമാന്‍ഡോ പരിശീലനം ലഭിച്ചത്.
കേരളത്തിലെ നാല്‍പ്പതോളം സിമി പ്രവര്‍ത്തകര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. ജയ്പൂര്‍, അഹമ്മദാബാദ് സ്ഫോടനങ്ങള്‍ക്ക് മുമ്പ് രണ്ട് രഹസ്യ യോഗങ്ങള്‍ ഇവര്‍ നടത്തിയിരുന്നു. ഈ യോഗങ്ങള്‍ നടന്നത് കേരളത്തിലും വഡോദരയിലുമുള്ള ഒരു രഹസ്യ കേന്ദ്രത്തില്‍ വച്ചാണ്. ഭഗവാന്‍ എന്നാണ് ഈ കേന്ദ്രത്തിന് നല്‍കിയിരിക്കുന്ന കോഡെന്നും ഗുജറാത്ത് ഡി.ജിപി പാണ്ഡെ അറിയിച്ചു.
ഈ സ്ഥലം കാട് പോലെയുള്ള പ്രദേശമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടന പരമ്പരകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നു സംശയിക്കുന്ന പത്ത് സിമി പ്രവര്‍ത്തകരെ അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് അറസ്‌റ്റു ചെയ്‌തു. കേരളം, കര്‍ണാടക, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അറസ്‌റ്റിലായത്.
ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇവരെ അറസ്‌റ്റു ചെയ്‌തത്. മുഫ്ത്തി അബു ബഷിര്‍ എന്നയാളാണ് സ്ഫോടനങ്ങളുടെ സൂത്രധാരനെന്ന് പൊലീസ് അറിയിച്ചു.
|