താന്‍ വികസനവിരോധിയാണെന്ന ആക്ഷേപം ഇപ്പോഴും ചിലര്‍ ഉന്നയിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. വികസന രംഗത്തെ അളവുകോല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ പുരോഗതി അല്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ വല്ലാര്‍പാടം പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി കൈമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ തെരെഞ്ഞെടുപ്പുകാലത്ത് യു.ഡി.എഫും ചില നിഷിപ്ത താത്പര്യക്കാരും തനിക്കെതിരെ ഉന്നയിച്ച പ്രധാന മുദ്രാവാക്യം വികസന വിരുദ്ധന്‍ എന്നതായിരുന്നു.
ഇപ്പോഴും ചിലര്‍ താന്‍ വികസന വിരുദ്ധന്‍ എന്ന ആക്ഷേപം ഉന്നയിക്കുകയാണ്. ഇത്തരക്കാര്‍ കണ്ണടച്ചാല്‍ ഇരുട്ടകില്ലെന്ന് മനസിലാക്കണം. വികസന രംഗത്ത് കേരളം ഏറ്റവും കൂടുതല്‍ കുതിപ്പ് നടത്തുന്ന കാലമാണിത്. വികസനമെന്നാല്‍ ജനങ്ങള്‍ക്കുള്ള പുരോഗതിയാണ്. അവരുടെ തൊഴിലിന് വേണ്ടിയും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയുള്ളതാണ് വികസനം.
അല്ലാതെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ പുരോഗതിയല്ല വികസനത്തിന്‍റെ അളവുകോല്‍. വികസന പദ്ധതികളും ഒപ്പം ക്ഷേമപദ്ധതികള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുമുന്നണി സര്‍ക്കാരിന്‍റെ കാലത്താണ് വിഴിഞ്ഞത്ത് അന്താരാഷ്‌ട്ര കണ്ടെയ്‌നര്‍ ടെര്‍മിനല്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.
സ്‌മാര്‍ട്ട് സിറ്റിയ്ക്ക് കരാര്‍ ഒപ്പിട്ടതും ഈ സര്‍ക്കാരാണ്. അതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായാണ് സ്‌മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ജില്ലാ തലത്തില്‍ ഐ.ടി കേന്ദ്രങ്ങളുടെ നിര്‍മാണം ഈ വര്‍ഷം തുടങ്ങും.
പാലക്കാട് റിയല്‍വേ കോച്ച് ഫാക്‌ടറി ആരംഭിക്കാന്‍ അനുമതി ലഭിച്ചതും ഈ സര്‍ക്കാരിന്‍റെ ശ്രമഫലമായാണ്. ഇതു പോലെ സംസ്ഥാനത്തിന്‍റെ പുരോഗതിയ്ക്കായുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി വികസന വിരുദ്ധ നിലപാട് തുടരുകയാണെന്ന അക്ഷേപം പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്.
ഇതിന് കൂടിയുള്ള മറുപടിയാണ് ഇന്ന് മുഖ്യമന്ത്രി നടത്തിയ പ്രസംഗം. വല്ലാര്‍പാടം പദ്ധതിക്കായി 615 ഭൂവുടകമളില്‍ നിന്നും 43.76 ഹെക്ടര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ഇന്ന് കൈമാറിയത്. നാല് വരി പാതയ്ക്കുള്ള ഭൂമി ദേശീയപാത അതോറിട്ടിക്കും റെയില്‍ പാതയ്ക്കുള്ള ഭൂമി റെയില്‍ വികാസ് നിഗം ലിമിറ്റഡിനുമാണ് കൈമാറിയത്.
നാലുവരി പാതയ്ക്ക് വേണ്ടി കണയന്നൂര്‍, പറവൂര്‍ താലൂക്കുകളിലെ ഏഴ് വില്ലേജുകളില്‍ നിന്നായി 43.7 ഹെക്ടര്‍ ഭൂമിയും റെയില്‍പാതയ്ക്കായി 4.3 ഹെക്ടര്‍ ഭൂമിയുമാണ് ഏറ്റെടുത്തത്.
|