പ്രശസ്ത കഥകളി ആചാര്യന്‍ ഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ള(92) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടിന് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലായിരുന്നു അന്ത്യം.
പുലര്‍ച്ചെ 1.30 ഓടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംസ്ക്കാരം വൈകിട്ട് അഞ്ചിന് സ്വവസതിയായ ഓയൂര്‍ ഗോവിന്ദമന്ദിരത്തില്‍ നടക്കും. ആറു മാസം മുന്‍പു വരെയും കഥകളി അരങ്ങുകളില്‍ വേഷമിട്ടിരുന്നു. എട്ടാം വയസില്‍ ചാത്തന്നൂര്‍ വേലുപ്പിള്ളയുടെ ശിഷ്യണത്തില്‍ കഥകളി അഭ്യാസം ആരംഭിക്കുകയായിരുന്നു.
ഒന്‍പതാം വയസ്സില്‍ സുന്ദരീസ്വയംവരത്തിലെ കൃഷ്ണനായി അരങ്ങേറി. നളചരിതത്തിലെ ഹംസമായിരുന്നു ഓയൂരിനെ പ്രശസ്തനാക്കിയത്. വാര്‍ധക്യത്തിലും കഥകളി ലോകത്ത് നിറഞ്ഞ സാന്നിധ്യമായിരുന്നു. കേന്ദ്ര-സംസ്ഥാന സംഗീത നാടക അക്കാഡമി അവാര്‍ഡ്, കലാമണ്ഡലം ഫെല്ലോഷിപ്പ്, സംസ്ഥാന കഥകളി പുരസ്ക്കാരം, വാരണാസി പുരസ്ക്കാരം, കലാമണ്ഡലം കരുണാകരന്‍ സ്‌മാരക പുരസ്ക്കാരം ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.
പരേതയായ ഭവാനിയമ്മയാണ് ഭാര്യ. ചെമ്പകക്കുട്ടിയമ്മ, ഗോപാലകൃഷ്‌ണപിള്ള, ശശിധരന്‍പിള്ള, വാസന്തിയമ്മ, രമേശന്‍പിള്ള, രതീശന്‍പിള്ള, ഡോ.ഗിരിജാമ്മ, പ്രൊഫ.വനജമ്മ, ഗോപകുമാര്‍. മരുമക്കള്‍-തങ്കപ്പന്‍പിള്ള, രാധമ്മ, ലീലാമ്മ, രവീന്ദ്രന്‍പിള്ള, ശശികല, ലളിതമ്മ, ഡോ.ഗോപാലകൃഷ്‌ണപിള്ള, അഡ്വ.ജഗദീഷ്, ബിന്ദു എന്നിവര്‍ മക്കളാണ്.
|