സി.പി.എമ്മിന്‍റെ നേതൃത്വത്തിലുള്ള പട്ടികജാതി കണ്‍വെന്‍ഷന്‍ ഇന്ന് കൊച്ചിയില്‍ നടക്കും. സംസ്ഥാനത്ത് ആദ്യമായാണ് സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ പട്ടികജാതിക്കാരെ സംഘടിപ്പിച്ച് ഒരു കണ്‍വെന്‍ഷന്‍ നടക്കുന്നത്.
ഏതെങ്കിലും പ്രത്യേക ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവരെ ജാതിമത അടിസ്ഥാനത്തില്‍ സംഘടിക്കുന്നത് ശരിയല്ലെന്നായിരുന്നു സി.പി.എമ്മിന്‍റെ പ്രഖ്യാപിത നിലപാട്. രാജ്യത്തെ ദളിതരുടെ സാമൂഹിക ജീവിതം ഏറെ പ്രശ്നങ്ങള്‍ നിറഞ്ഞതാണെന്ന് പാര്‍ട്ടി പല സമയത്തും വിലയിരുത്തിയിരുന്നു.
എന്നാല്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വര്‍ഗ്ഗ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് തന്നെ പരിഹാരം കാണണമെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്. അതേ സമയം ദളിത്, ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ നവ സാമൂഹിക പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാഴ്ത്തി.
ഈ സാഹചര്യത്തിലാണ് ദളിത് പ്രശ്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കോയമ്പത്തൂര്‍ പാര്‍ട്ടികോണ്‍ഗ്രസ് ആഹ്വാനം ചെയ്തത്. പ്രത്യേകിച്ച് സംസ്ഥാനത്ത് ദളിത്, അംബേദ്ക്കര്‍ പ്രസ്ഥാനങ്ങള്‍ ശക്തിപ്രാപിക്കുന്നതും പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തി. ചെങ്ങറ സമരം പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് മുന്നോട്ട് പോയതും സമരത്തിന് അനുകൂലമായ വികാരം ദളിതര്‍ക്കിടയില്‍ ഉണ്ടായതും പാര്‍ട്ടിക്ക് വലിയ തലവേദനയായി.
പട്ടികജാതി, ദളിത് വിഭാഗങ്ങളുടെ അസംതൃപ്തി മുതലെടുക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നതും സി.പി.എമ്മിന്‍റെ മനംമാറ്റത്തിന് കാരണമായി.
|