കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് 75 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി മുഹമ്മദ് അല്‍ത്താഫില്‍ നിന്നാണ് കള്ളനോട്ട് പിടിച്ചെടുത്തത്.
രാവിലെ ആറേകാല്‍ മണിയോടെ റാക്ക് എയര്‍വെയ്‌സിലാണ് മുഹമ്മദ് അല്‍ത്താഫ് കരിപ്പൂരിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്. ഇതിപ്പോള്‍ കോഴിക്കോട് ഡി.ആര്‍.ഐ ഓഫീസില്‍ എണ്ണിത്തിട്ടപ്പെടുത്തുകയാണ്. മുഹമ്മദ് അല്‍ത്താഫിനെ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാനെത്തിയ മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന.
ഇവരില്‍ ഒരള്‍ കാസര്‍കോട് സ്വദേശിയാണെന്ന് അറിയുന്നു. അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകളാണ് പിടിച്ചെടുത്തവയില്‍ ഉള്ളത്. റാസല്‍ ഖൈമയില്‍ നിന്നുമാണ് മുഹമ്മദ് കരിപ്പൂരിലെത്തിയത്. ഇയാളെ ഡി.ആര്‍.ഐ ഉദ്യോഗസ്ഥാര്‍ ചോദ്യം ചെയ്യുകയാണ്. നോട്ടുകള്‍ എണ്ണിക്കഴിഞ്ഞതിന് ശേഷം മാത്രമേ എത്രരൂപ പിടിച്ചുവെന്ന് വ്യക്തമാകൂ.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ കസ്റ്റഡിയിലാകുമെന്നാണ് സൂചന.
|