സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രി നടത്തിയത് രാഷ്‌ട്രീയ പ്രസംഗമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇത് കേരളത്തെ അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിനു പകരം കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ഒരു കേന്ദ്ര വിരുദ്ധ പ്രസംഗമായിരുന്നു കഴിഞ്ഞ ദിവസം സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി നടത്തിയത്.
ഇടതുപക്ഷത്തിന്‍റെ പൊതുയോഗത്തില്‍ പ്രസംഗിക്കേണ്ട പ്രസംഗമാണ് അദ്ദേഹം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്തിയത്. ഭരണഘടനാപരമായ ബാധ്യത നിറവേറ്റേണ്ട ആളാണ് മുഖ്യമന്ത്രി. സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തിക്കൊണ്ട് സ്വാതന്ത്ര്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അത് കാത്തുസൂക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചുമാണ് സംസാരിക്കേണ്ടത്.
രാജ്യം നേരിടുന്ന വെല്ലുവിളികളെ ഒന്നിച്ച് നേരിടാന്‍ ആഹ്വാനം ചെയ്യുന്നതിന് പകരം കേന്ദ്രത്തിനെതിരെ സമരം ചെയ്യാനാണ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്. മുഖ്യമന്ത്രിയുടെ ഈ ആഹ്വാനം കേരളത്തിന് അപമാനമായിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വിലക്കയറ്റം തടയുക, വൈദ്യുതി, ബസ് ചാര്‍ജ്ജ് വര്‍ദ്ധന പിന്‍വലിക്കുക, ഏഴാം ക്ലാസിലെ വിവാദ പാഠഭാഗങ്ങള്‍ ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫ് സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നത്. രാവിലെ അഞ്ച് മുതലാണ് സമരം തുടങ്ങിയത്. സെക്രട്ടേറിയറ്റിന്‍റെ നാല് പ്രവേശന കവാടങ്ങളും പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്.
ജീവനക്കാര്‍ക്കാര്‍ക്കും സെക്രട്ടേറിയറ്റിനുള്ളിലേക്ക് കടക്കാനായില്ല.
|