ഭൂ മാഫിയയുടെ സംരക്ഷണത്തിന് വേണ്ടി മാത്രമാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആരോപിച്ചു.
യു.ഡി.എഫിന്‍റെ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണത്തില്‍ സി.പി.എമ്മിന് പോലും സംതൃപ്തിയില്ലെന്നും ഇങ്ങനെ പോയാല്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജനങ്ങള്‍ സെക്രട്ടേറിയറ്റില്‍ നിന്നും അടിച്ചിറക്കുമെന്നും രമേശ് ചെന്നെത്തല പറഞ്ഞു.
രണ്ടേകാല്‍ വര്‍ഷമായി നടക്കുന്ന ഈ ഭരണത്തിനെതിരെ യു.ഡി.എഫ് പറഞ്ഞ കാര്യങ്ങള്‍ സി.പി.എമ്മുകാരും പറഞ്ഞിരിക്കുന്നു. ഈ ഭരണത്തില്‍ ആരും തൃപ്തരല്ല. ഇങ്ങനെയൊരു ഭരണം കേരളത്തിന് ഭാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിലക്കയറ്റം തടയുക, വൈദ്യുതി, ബസ് ചാര്‍ജ്ജ് വര്‍ദ്ധന പിന്‍വലിക്കുക, ഏഴാം ക്ലാസിലെ വിവാദ പാഠഭാഗങ്ങള്‍ ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫ് സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നത്.
രാവിലെ അഞ്ച് മുതലാണ് സമരം തുടങ്ങിയത്. സെക്രട്ടേറിയറ്റിന്‍റെ നാല് പ്രവേശന കവാടങ്ങളും പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്. ജീവനക്കാര്‍ക്കാര്‍ക്കും സെക്രട്ടേറിയറ്റിനുള്ളിലേക്ക് കടക്കാനായില്ല. ഉപരോധത്തിന്‍റെ ഭാഗമായി വഴി തടഞ്ഞ പ്രതിപക്ഷ എം.എല്‍.എമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കണ്‍മെന്‍റ് ഗേറ്റിലേക്ക് പോകുന്നവരെ വാന്‍റോസ് ജംഗ്ഷനില്‍ വച്ച് എം.എല്‍.എമാര്‍ തടയുകയായിരുന്നു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, പി.സി വിഷുണുനാഥ്, ജോസഫ് എം. പുതുശേരി എന്നീ എം.എല്‍.എമാരാണ് റോഡ് ഉപരോധിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യു.ഡി.എഫിലെ പ്രമുഖ നേതാക്കളെല്ലാം സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്.
|