പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കായി നിര്‍ബ്ബന്ധമായി ഭൂമി ഏറ്റെടുക്കലിന് പ്രത്യേക അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി വി.എസ്.അച്യുതനന്ദന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് അയച്ച കത്ത് വിവാദമാവുന്നതായി റിപ്പോര്‍ട്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേന്ദ്ര നയത്തിന് എതിരാണ് ഈ ആവശ്യം എന്നാണ് കരുതുന്നത്.
പശ്ചിമ ബംഗാളിലെ സിംഗൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ക്ക് വേണ്ടി കൃഷി ഭൂമി ഏറ്റെടുത്തത് സംബന്ധിച്ച് പ്രശ്നങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് സെസുകള്‍ക്ക് വേണ്ടി നിര്‍ബന്ധമായി കൃഷിഭൂമി ഏറ്റെടുക്കരുതെന്ന് കേന്ദ്രകേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഭൂമി ഏറ്റെടുക്കുമ്പോള്‍ പ്രാദേശികമായി ജനങ്ങളുമായി വിശദമായ ചര്‍ച്ച ചെയ്തിരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഈ നയത്തില്‍ ഇളവ് അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി വാണിജ്യ മന്ത്രാലയത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്ത് ആലപ്പുഴയിലെ അമ്പലപ്പുഴ, ചേര്‍ത്തല, കണ്ണൂരിലെ ചീമേനി തുടങ്ങി അഞ്ച് പ്രദേശങ്ങളില്‍ ആരംഭിക്കാനിരിക്കുന്ന ഐ ടി പദ്ധതികള്‍ക്ക് വേണ്ടി വന്‍ തോതില്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും എന്നത് ഉദ്ദേശിച്ചാണ് മുഖ്യമന്ത്രി ഈ കത്ത് എഴുതിയിരിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇപ്പോള്‍ തന്നെ സംസ്ഥാനത്ത് പ്രത്യേക സാമ്പത്തിക മേഖലകള്‍ അനുവദിക്കുന്നതിനായി 21 അപേക്ഷകളാണ് പരിഗണനയിലുള്ളത്. ഇതില്‍ പ്രധാനപ്പെട്ട പത്ത് എണ്ണത്തില്‍ ഒമ്പതെണ്ണവും ഐ.റ്റി പദ്ധതികളാണ്. ഈ പദ്ധതികള്‍ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ കഴിയാതെ വരികയാണെങ്കില്‍ ഈ പദ്ധതികള്‍ക്കായി വരുന്ന കമ്പനികള്‍ സ്വകാര്യ പാര്‍ക്കുകളെ തേടി പോകും എന്നത് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് ആരോപണം.
സെസ്സുകള്‍ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് ഇപ്പോഴുള്ള നയം വരുന്ന പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യുമെന്നാണ് കേന്ദ്ര വ്യവസായ സെക്രട്ടറി ഗോപാല്‍ കൃഷ്ണ പിള്ള പറയുന്നത്. ഇതിനു ശേഷമേ കേരള മുഖ്യമന്ത്രിയുടെ കത്ത് സംബന്ധിച്ച തീരുമാനം എടുക്കാന്‍ കഴിയു എന്നും അദ്ദേഹം പറയുന്നു.
|