കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനത്തോട് ഒരു അവഗണനയുമില്ലെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി ഇ. അഹമ്മദ് അറിയിച്ചു. യു.പി.എ സര്‍ക്കാര്‍ സംസ്ഥാനത്തിന് എന്തെല്ലാം നല്‍കുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കായിക മന്ത്രി എം.വിജയകുമാറിനെ ബീജിംഗ് ഒളിമ്പിക്സിനുള്ള അനുമതി നിഷേധിച്ചതിനോട് മലപ്പുറത്ത് പ്രതികരിക്കുകയായിരുന്നു അഹമ്മദ്. ഒരു മന്ത്രിയെ ഒളിമ്പിക്സിന് അയച്ചില്ലെന്നതിന്‍റെ പേരില്‍ സംസ്ഥാനത്തോട് കേന്ദ്രത്തിന് അവഗണനയാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല.
കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജിയാണ് ഇതു സംബന്ധിച്ച തീരുമാനങ്ങളെല്ലാം എടുത്തത്. വിജയകുമാറിന് അനുമതി നിഷേധിച്ച കാര്യം അദ്ദേഹത്തോട് ആരാഞ്ഞപ്പോള്‍ തീരുമാനങ്ങള്‍ എടുത്തുകഴിഞ്ഞുവെന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്. ഇക്കാര്യം വിജയകുമാറിനെ അറിയിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന മന്ത്രിമാര്‍ക്കോ കേന്ദ്ര മന്ത്രിമാര്‍ക്കോ ബീജിംഗിലേക്ക് പോകാന്‍ അനുമതി നല്‍കിയിട്ടില്ല. വേണമെങ്കില്‍ സ്വന്തം ചെലവില്‍ പോകാം. ഇത് എങ്ങനെയാണ് അവഗണനയായി കാണുന്നതെന്ന് മനസിലാകുന്നില്ലെന്നും ഇ. അഹമ്മദ് പറഞ്ഞു. ഒളിമ്പിക്സിന് പോകാന്‍ മന്ത്രി വിജയകുമാറിന് ആദ്യം അനുമതി നിഷേധിച്ചിരുന്നെങ്കിലും ഉപാധികളോടെ പോകാന്‍ അനുമതി നല്‍കിയിരുന്നു.
ഉപാധി സംസ്ഥാനത്തെ അവഹേളിക്കാനാണെന്നും താന്‍ ഒളിമ്പിക്സിന് പോകുന്നില്ലെന്നുമായിരുന്നു വിജയകുമാറിന്‍റെ മറുപടി.
|