ചെങ്ങറ സമരഭൂമിയില്‍ പട്ടിണിയും പകര്‍ച്ച വ്യാധികളും പടരുന്നു. ഹാരിസണ്‍ പ്ലാന്‍റേഷന്‍ തൊഴിലാളികളുടെ ഉപരോധം മൂലം സമരഭൂമിയിലുള്ളവര്‍ക്ക് പുറത്തേയ്ക്കോ പുറത്തുള്ളവര്‍ക്ക് അകത്തോട്ടോ പോകാന്‍ കഴിയുന്നില്ല.
സ്ത്രീകളും കുട്ടികളും അടക്കമുള്ള ഏഴായിരത്തോളം പേര്‍ വരുന്ന ആളുകളുടെ ഭക്ഷണവും മരുന്നും പോലുള്ള അടിസ്ഥാന അവശ്യങ്ങള്‍ സംരക്ഷിക്കാന്‍ അധികാരികള്‍ ഇതുവരെ തയാറായിട്ടില്ല. ചെങ്ങറ സമരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹാരിസണ്‍ പ്ലാന്‍റേഷന്‍ തൊഴിലാളി യൂണിയനുകള്‍ സമരഭൂമിയിലേക്കുള്ള വഴികളെല്ലാം ഉപരോധിച്ചിരിക്കുന്നത്.
സമരം ഉപേക്ഷിക്കുന്നതുവരെ ഉപരോധം തുടരും എന്നാണ് ഇവരുടെ നിലപാട്. സമരസ്ഥലത്ത് നിന്നും പുറത്തേയ്ക്കും അകത്തേയ്ക്കും ആളുകള്‍ കടക്കുന്നത് തൊഴിലാളികള്‍ തടഞ്ഞത് കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ചെറിയ കുട്ടികളടക്കമുള്ള ഏഴായിരത്തോളം ആളുകള്‍ക്കിടയില്‍ ഒരാഴ്ചക്കാലമായി നിലനില്‍ക്കുന്ന ഉപരോധം ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
സമരക്കാര്‍ക്കിടയില്‍ ചിക്കന്‍പോക്സും പനിയും പടര്‍ന്ന് പിടിച്ചിട്ടുണ്ട്. ഉപരോധം മൂലം വൈദ്യസഹായമൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. ഉപരോധത്തോടെ ഒറ്റപ്പെട്ട സമര ഭൂമിയിലേക്ക് ഭക്ഷണസാധനങ്ങള്‍ എത്താത്തത് കടുത്ത പട്ടിണി സൃഷ്ടിച്ചിരിക്കുകയാണ്. സമീപത്തുള്ള സ്കൂളുകളില്‍ പഠിക്കുന്ന സമരക്കാരുടെ കുട്ടികളുടെ പഠിത്തവും ഉപരോധത്തോടെ മുടങ്ങിയിരിക്കുകയാണ്.
ഒരാഴ്ചയോളമായി തുടരുന്ന ഉപരോധം മൂലം കഷ്ടപ്പെടുന്ന സമരക്കാരുടെ ജീവന്‍ രക്ഷിക്കുന്നതിന് ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
|