ഉപാധികളോടെ ബെയ്‌ജിംഗ് ഒളിമ്പിക്സിന് പോകാന്‍ താത്പര്യമില്ലെന്ന് കായിക മന്ത്രി എം.വിജയകുമാര്‍ അറിയിച്ചു. ഉപാധി സംസ്ഥാന സര്‍ക്കാരിനോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ബെയ്ജിംഗ് ഒളിമ്പിക്സിന് പോകാന്‍ വിജയകുമാറിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. ഇതിലുള്ള പ്രതിഷേധം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിയെയും വിദേശകാര്യ വകുപ്പിനെയും അറിയിച്ചിരുന്നു.
തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചില ഉപാധികളോടെ മന്ത്രി വിജയകുമാറിനെ പോകാന്‍ അനുവദിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിജയകുമാറിനെ ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് പത്തിന് ശേഷം മാത്രമേ മന്ത്രി ബെയ്‌ജിംഗില്‍ എത്താവൂ, യാത്ര, താമസം തുടങ്ങിയവ സ്വന്തം ചെലവിലായിരിക്കണം എന്നീ ഉപാധികളാണ് കേന്ദ്രം വച്ചത്.
ഈ ഉപാധികളോടെ ബെയ്ജിംഗിലേക്ക് പോകാന്‍ താത്പര്യമില്ലെന്നാണ് മന്ത്രി ഇന്ന് അറിയിച്ചത്. ഈ ഉപാധി കേന്ദ്രം സംസ്ഥാനത്ത് അവഹേളിക്കുന്നതിന് തുല്യമാണെന്നും മന്ത്രി അറിയിച്ചു.
|